കോട്ടക്കൽ പി.എസ്.വി നാട്യസംഘത്തിലെ പ്രധാന ആചാര്യനും പെരിങ്ങോട് കഥകളി പ്രമോഷൻ സൊസൈറ്റിയുടെ രക്ഷാധികാരിയും കളിയരങ്ങിലും സാമൂഹ്യ സാംസ്‌കാരിക രംഗത്തും നിറഞ്ഞുനിന്ന വ്യക്തിത്വവുമായ കോട്ടക്കൽ ഗോപിനായർ അനുസ്മരണം സെ.29ന് തിങ്കളാഴ്ച വൈകുന്നേരം 5.30ന് പെരിങ്ങോട് സ്കൂൾ ശതാബ്ദി മന്ദിരത്തിൽ നടക്കുമെന്ന് സംഘാടകരായ കഥകളി പ്രമോഷൻ സൊസൈറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോട്ടക്കൽ ഗോപി നായരുടെ രണ്ടാം ചരമ വാർഷികത്തിൻ്റെ ഭാഗമായി നടക്കുന്ന അനുസ്മരണ സമ്മേളനം കോട്ടക്കൽ ആര്യവൈദ്യ ശാല ചീഫ് ഫിസിഷ്യൻ ഡോ.പി.എം വാരിയർ ഉദ്ഘാനം ചെയ്യും. കഥകളി പ്രമോഷൻ സൊസൈറ്റി പ്രസിഡൻ്റ് പി.എം നാരായണൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. ഡോ.കെ.മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തും. വി.ടി വാസുദേവൻ, ഞായത്ത് ബാലൻ മാസ്റ്റർ, ശ്രീവത്സൻ തിയ്യാടി, ടി.രാജീവ് എന്നിവർ സംസാരിക്കും.
1939ൽ പൂമുള്ളി ശങ്കുണ്ണി നായർക്ക് കീഴിൽ കഥകളി അഭ്യസിച്ച ഗോപി നായർ 1946ൽ പി.എസ്.വി നാട്യസംഘത്തിൽ വിദ്യാർത്ഥിയായും കലാകാരനായും പ്രധാന ആശാനായും പ്രവർത്തിച്ചിരുന്നു. അരനൂറ്റാണ്ടു കാലത്തെ സേവനത്തിനു ശേഷം 1996 ലാണ് വിരമിച്ചത്. കഥകളി ആചാര്യൻ എന്ന നിലയിലും കഥകളി ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം മാതൃകാപരമായ നേതൃസ്ഥാനം വഹിച്ചിരുന്നുവെന്ന് സംഘാടകർ പറഞ്ഞു.
അനുസ്‌മരണ സമ്മേളനത്തിനു ശേഷം രാത്രി 7 മണിക്ക് പി.എസ്.വി നാട്യസംഘത്തിൻ്റെ കുചേലവൃത്തം കഥകളിയും അരങ്ങുണർത്തുമെന്ന് ഭാരവാഹികളായ പി.എം നാരായണൻ നമ്പൂതിരിപ്പാട്, ടി.രാജീവ്, അഡ്വ.പി.എം നീലകണ്ഠൻ, വി.സുരേഷ്, വി.സുധാകരൻ എന്നിവർ അറിയിച്ചു.
വീഡിയോ റിപ്പോർട്ട്...
https://youtu.be/w-o3kMJS3JI?si=L7JLmTFFeJdNJaS_
