തമിഴ് നാട്ടിലെ കരൂരിൽ സിനിമാ നടൻ വിജയ് പങ്കെടുത്ത റാലി ദുരന്തത്തിൽ കലാശിച്ചു: 36 മരണം സ്ഥിരീകരിച്ചു, 60 പേർ ചികിത്സയിൽ...

തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവും സിനിമാ താരവുമായ  വിജയ്  നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 40 ഓളം പേർ മരിച്ചു. 36 പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരിൽ 6കുട്ടികളും  ഗർഭിണികൾ ഉൾപ്പെടെ 16 സ്ത്രീകളും ഉൾപ്പെടുന്നു. കുഴഞ്ഞു വീണ കുട്ടികളട‌ക്കം 60 പേർ ചികിത്സയിലുണ്ടെന്നും ഇതിൽ 12 പേരുടെ നില ഗുരുതരമാണെന്നും തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു.  പരുക്കേറ്റവരിൽ 9 പൊലീസുകാരുമുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.  മൃതദേഹങ്ങൾ വിവിധ ആശുപത്രി മോർച്ചറികളിലേക്ക് മാറ്റി. 

സ്ഥലം എം.എൽ.എയും മുൻ മന്ത്രിയുമായ സെന്തിൽ ബാലാജി, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, നാമക്കൽ ജില്ലാ കലക്ടർമാർ തുടങ്ങിയവർ കരൂരിലുണ്ട്. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉടൻ തന്നെ കരൂർ ദുരന്ത ഭൂമി സന്ദർശിക്കും. സംഭവമറിഞ്ഞ ഉടനെ മുഖ്യമന്ത്രി സെക്രട്ടറിയറ്റിൽ എത്തി അടിയന്തിര യോഗം ചേർന്നു. രക്ഷാപ്രവർത്തനം നടത്താൻ പൊതുജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു പിറകെ സമീപ ജില്ലകളിൽ നിന്നുള്ള മെഡിക്കൽ സംഘവും ആംബുലൻസുകളും സ്ഥലത്തെത്തി. 

വിജയ് റാലി നടത്താൻ ഉപയോഗിച്ച തുറന്ന വാഹനത്തിന് ചുറ്റും രണ്ട് ലക്ഷത്തോളം ആളുകൾ കൂട്ടം കൂടിയതോടെ ചിലർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടുകയും സ്ത്രീകൾ ബോധം കെട്ട് വീഴുകയും ചെയ്തതാണ് ദുരന്തകാരണം. നിർജലീകരണം തടയാൻ കുപ്പിവെള്ളം വിതരണം ചെയ്യാൻ വിജയ് മൈക്കിലൂടെ ആവശ്യപ്പെട്ടെങ്കിലും തിക്കും തിരക്കും മൂലം കഴിഞ്ഞില്ല. പിന്നീട് വിജയ് തന്നെ വെള്ളക്കുപ്പികൾ എറിഞ്ഞു കൊടുത്തു. ഇതും തിരക്ക് വർധിക്കാൻ കാരണമായെന്നാണ് പറയപ്പെടുന്നത്. 

പതിനായിരം പേർ പങ്കെടുക്കുമെന്ന് കാണിച്ചാണ് സംഘാടകർ റാലി നടത്താൻ അനുമതി തേടിയതെന്നും എന്നാൽ അര ലക്ഷം പേരെ ഉൾക്കൊള്ളുന്ന സ്ഥലത്ത് രണ്ട് ലക്ഷം പേർ എത്തിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടുണ്ട്. വിജയ് ആരാധകരായ ചെറുപ്പക്കാരും കുട്ടികളുമാണ് റാലിയിൽ പങ്കെടുക്കാൻ കൂടുതലും എത്തിയത്. 15 വയസ്സിൽ താഴെയുള്ള കുട്ടികൾ മാത്രം ആയിരത്തോളം പേർ ഉണ്ടായിരുന്നതായാണ് വിവരം. 

ഏതായാലും  തമിഴ്നാട്ടിലെ താരാരാധന അണ്ണാദുരൈയ്ക്കും, കാമരാജിനും എം.ജി.ആറിനും കരുണാനിധിക്കും ശേഷം ഇപ്പോൾ വിജയ് നേടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ആരാധനാ ദുരന്തങ്ങളും തുടർക്കഥയാവുകയാണ്. ഡി.എം.കെ സർക്കാരിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്ന വിജയ് സംഭവശേഷം ചെന്നൈക്ക് മടങ്ങി. വിജയിയെ അറസ്റ്റ് ചെയ്യണമെന്ന് ഡി.എം.കെ നേതാക്കൾ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം