ക്യാമറ വിളിച്ചു : മമ്മൂട്ടി ഷൂട്ടിങ്ങിന് പുറപ്പെട്ടു!

'ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ ഞാൻ വീണ്ടും ആഗ്രഹിക്കുന്നു. എന്റെ അഭാവത്തിൽ എന്നെ അന്വേഷിച്ച എല്ലാവർക്കും നന്ദി പറയാൻ വാക്കുകൾ പോരാ.  ക്യാമറ വിളിക്കുന്നു...'

മെഗാ സ്റ്റാർ മമ്മൂട്ടി ഫേസ് ബുക്കിൽ കുറിപ്പിട്ട ശേഷം ആരാധകർ ആവേശത്തിലാണ്. ചികിത്സയും വിശ്രമവും കഴിഞ്ഞ് മെഗാ സ്റ്റാർ മമ്മൂട്ടി ലൊക്കേഷനിലേക്ക് മടങ്ങി.

കാര്‍ സ്വയം ഓടിച്ചാണ് മമ്മൂട്ടി വിമാന താവളത്തിൽ എത്തിയത്. 369 നമ്പറിലുള്ള തന്റെ പ്രിയപ്പെട്ട വാഹനമായ ടൊയോട്ടാ ലാന്‍ഡ് ക്രൂയിസറില്‍ ചാരി നിന്ന് സണ്‍ ഗ്ലാസും ധരിച്ച് നില്‍ക്കുന്ന സ്റ്റൈലിഷ് ചിത്രവും മമ്മൂട്ടി പോസ്റ്റില്‍ പങ്കുവെച്ചു.

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ പൊതുവേദികളിൽ നിന്നും ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും വിട്ടുനിന്ന താരം, താൻ ഏറെ സ്നേഹിക്കുന്ന അഭിനയ ലോകത്തേക്ക് മടങ്ങിയെത്തുന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചു.

പാട്രിയറ്റ് എന്ന ചിത്രത്തിന്റെ സെറ്റിലേക്കാണ് മമ്മൂട്ടി ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക്പു റപ്പെട്ടത്. പാട്രിയറ്റിന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ചികിത്സയ്ക്കായി ഇടവേളയെടുത്തത്. പിന്നീട് അദ്ദേഹം ചെന്നൈയിലെ വസതിയില്‍ വിശ്രമത്തിലുമായിരുന്നു. 

17 വര്‍ഷത്തിനുശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്. ശ്രീലങ്കയിലായിരുന്നു ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ്.

നൂറുകണക്കിന് സിനിമകളിലൂടെ ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടന്മാരുടെ നിരയിൽ സ്ഥാനം നേടിയ മമ്മൂട്ടി, ആരോഗ്യപരമായ ഇടവേളയ്ക്ക് ശേഷം കൂടുതൽ കരുത്തോടെ പുതിയ സിനിമകളുമായി വെള്ളിത്തിരയിൽ വിസ്‌മയം തീർക്കാൻ ഒരുങ്ങുകയാണ്. മമ്മൂക്കയുടെ പുതിയ പ്രോജക്റ്റുകൾ ഏതൊക്കെയായിരിക്കും എന്ന ആകാംക്ഷയിലാണ് ഇപ്പോൾ സിനിമാ ലോകം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം