കഥ / മിഴിനാരുകൾ

ഇന്നലെ ഇവിടെ എന്തോ സംഭവിച്ചിട്ടുണ്ട്. കടകളൊന്നും ഇതേവരെ തുറന്നിട്ടില്ല. വാഹനങ്ങൾ ഓടുന്നില്ല. കാക്കകളോ പ്രാവുകളോ കുറുകുന്ന ശബ്ദം പോലുമില്ല!

നഗരം ചത്തുകിടക്കുകയാണ്. നിരത്തിൽ വാററ്റുപോയ ചെരിപ്പുകൾ  ചിതറിക്കിടക്കുന്നുണ്ട്. കടകളുടെ മുന്നിൽ കണ്ണാടിച്ചില്ലുകളും ഉടഞ്ഞ സൂര്യൻ്റെ കണ്ണുകൾ പോലെ സ്‌ഫടികക്കഷ്ണങ്ങളും.

ശ്‌മശാനമൂകതയിലൂടെ നടക്കവെ ഭയം തോന്നി. ഇടുങ്ങിയ ഗല്ലികളിൽ നിന്ന് ആരെങ്കിലും ചാടി വീണേക്കാമെന്ന് തോന്നിയപ്പോൾ ശരീരം കിടുങ്ങി. കർഫ്യൂ ലംഘിച്ച് നടന്നുപോയതിന് നെഞ്ച് ഭേദിച്ച് വെടിയുണ്ട കടന്നുപോവാനും സാധ്യത ഉണ്ടെന്ന് ബോധ്യമായി. ഓടാൻ തുടങ്ങിയപ്പോൾ കാലിൽ ഒരു കീറത്തുണി കുടുങ്ങി. പെരുവിരലിൽ അത് പശപോലെ ഒട്ടി. അതിൽ ചോരയായിരുന്നു. കട്ടച്ചോര.....

നനഞ്ഞ മണ്ണിൻ്റെയും ചുടുചോരയുടേയും ഗന്ധം തലയിൽ അലിഞ്ഞു ചേർന്നു. ചോരപ്പാടിൽ സൂക്ഷിച്ചുനോക്കിയപ്പോൾ ഏതോ ഒരു യുവാവിൻ്റെ മുഖം തെളിഞ്ഞു. അവൻ്റെ ഹൃദയം മിടിക്കുന്നതായ് തോന്നി. സിരകളിൽ ചുടുചോര പായുന്നത് കണ്ടു.

ടാപ്പ് തുറന്നപ്പോൾ വെള്ളമുണ്ടായിരുന്നു. കൈ എത്ര കഴുകിയിട്ടും ചുവപ്പ് മാറുന്നില്ല. മണത്തു നോക്കിയപ്പോൾ ചോരയുടെ ഗന്ധം തന്നെ.......

നടന്നു. കൊടുമുടിപോലെ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾക്കൊന്നും കണ്ണാടിച്ചില്ലുണ്ടായിരുന്നില്ല. സർവ്വതും എറിഞ്ഞുടച്ചിരുന്നു. ആരാണിതെല്ലാം ചെയ്‌തത്? എന്താണ് സംഭവിച്ചത്? ഒന്നും മനസ്സിലായില്ല. മനസ്സിൽ ഭയം കലമ്പലുണ്ടാക്കാൻ തുടങ്ങി. ഇനി  നടക്കുന്നത് ആപത്താണ്. ഒരു കുട്ടിയുടെ കരച്ചിൽപോലും എങ്ങുനിന്നും കേൾക്കാനില്ല.

കൃഷ്ണമണികൾ നഷ്‌ടപ്പെട്ട സൂര്യന് തെളിച്ചമില്ല. സുതാര്യമായ വെൺപാട പോലെ മങ്ങിയ വെളിച്ചം മാത്രം. ചത്ത നഗരത്തിനുമീതെ ശവക്കച്ച പോലെ വീണുകിടക്കുന്ന നിഴൽ.

പൊടുന്നനെ പിറകിൽ നിന്നാരോ  വിളിക്കുന്നതായ് കേട്ടു. കാലുകളിൽ മരവിപ്പുണ്ടായി. തിരിഞ്ഞുനോക്കാൻ  തോന്നിയില്ല. നടന്നു. വേഗതയോടെ....

മോനേ......യ്‌യ്‌യ്..

പിടിച്ചുകെട്ടിയ പോലെ നിന്നു. ഏതോ ഒരമ്മ വിളിക്കുകയാണ്, ദൈന്യതയോടെ

മോനേ......യ്.......

ശിരസ്സ് പിളർക്കുന്നത്പോലെ തോന്നി. അതൊരു വിലാപ സങ്കീർത്തനമാണ്. കണ്ണീരും കലമ്പലും ഉൽകണ്ഠയും ചേർന്നൊരു അമരസംഗീതം പോലെ ഒരമ്മ വിളിക്കുകയാണ്.

അമ്മയുടെ മകൻ എവിടെപ്പോയിരിക്കാം. മനസ്സിൽ ഒരാന്തലുണ്ടായി. ഈർച്ച വാളുപോലെ ഹൃദയത്തിൽ എന്തോ പിടയുന്നു… 

തിരിഞ്ഞുനോക്കി. നോക്കാതിരിക്കാൻ കഴിഞ്ഞില്ല. ഒരു സ്ത്രീരൂപം  ഓടിയടുക്കുകയാണ്. അവർ കൈ ഉയർത്തി എന്തോ പുലമ്പുന്നുണ്ട്. ഒന്നും വ്യക്തമല്ല. നിന്നു. ഓവുചാലിലെ അഴുക്കുവെള്ളത്തിനും ചോരയുടെ മണമുണ്ടായിരുന്നു.

ഈ അമ്മ ആരായിരിക്കാം? അവരെ ആദ്യമായി കാണുകയാണ്. ചെമ്മണ്ണിന്റെ നിറമുള്ള പിഞ്ഞിയ ഒരു ചേലയാണ് അമ്മയെ പൊതിഞ്ഞിട്ടുള്ളത്. മുടിയിഴകൾ പലതും നരച്ചിട്ടുണ്ട്. മുഖത്തും കൈത്തണ്ടയിലും തൊലി അയഞ്ഞുകിടക്കുന്നു. കണ്ണിലും കവിളിലും നിലവിളിയുടെ നനവ്. മിഴിനാരുകൾ പൊതിഞ്ഞ മുഖം.

ഇവരാരാണ്? ഈശ്വരാ..

മോനേ വായോ.... നിയ്യെന്തിനാ കുട്ടി പിണങ്ങിപ്പോണത്? വാ വന്നിട്ട് കാപ്പി കുടിക്ക്......

അമ്മേ....... ഞാൻ...

നീയൊന്നും പറയണ്ട.... നെൻ്റെ അമ്മയല്ലേ വിളിക്ക്‌ണത്.....വാ.....കുട്ടീ....

ഒന്നും പറയാൻ കഴിയുന്നില്ല. തൊണ്ടയിൽ മഞ്ഞുകട്ട കുടുങ്ങിയതുപോലെ! അമ്മയുടെ കൈത്തണ്ടയ്ക്ക് നല്ല ബലമുണ്ട്. വിടാതെ പിടിച്ചിരിക്കുകയാണ്. കൊച്ചു കുഞ്ഞിനെപ്പോലെ അനുസരിക്കേണ്ടി വന്നു. എങ്കിലും ആശ്വാസം തോന്നി.

നിരത്തോരത്ത് തുരുമ്പ് പിടിച്ച ചെറിയൊരു ഗേറ്റ് തള്ളിത്തുറന്ന് ചെന്നപ്പോൾ ഇടുങ്ങിയ വഴി കണ്ടു. ശൂന്യമായ ഗല്ലിയിലൂടെ അമ്മ വലിഞ്ഞു നടന്നു. കയറിട്ട് ആട്ടിൻകുട്ടിയെ വലിക്കുന്നതു പോലെയാണ് അമ്മയുടെ ഭാവം.

സുഭദ്രേ... വാതിൽ തുറക്ക്. ഇതാരാന്ന് നോക്ക്? എൻ്റെ മോൻ..... ഹെൻ്റെ അർജ്ജുനൻ........എന്റെ മോൻ പിണങ്ങിപ്പോവ്വാർന്നു.....വേഗം കാപ്പി എടുത്തോണ്ടുവാ....

വിജാഗിരിയുടെ നിലവിളിയോടൊപ്പം കരഞ്ഞുകലങ്ങിയ സുഭദ്ര. തൂവെള്ള സാരിയിൽ പൊതിഞ്ഞ ഒരു യുവതി.

എവിടെയോ കണ്ടതുപോലെ. നീണ്ട മൂക്കിന്റെ തുമ്പിൽ കറുത്ത മൂക്കുത്തി പോലെ കാക്കപ്പുള്ളി. കണ്ണുകളിൽ പെയ്തൊഴിയാത്ത മഴ. വിതുമ്പുന്ന ചുണ്ടുകൾ. തേങ്ങലടക്കാൻ സുഭദ്ര പാടുപ്പെട്ടു.

ഞാൻ അർജ്ജുനനല്ലാ.... അമ്മയോടൊന്ന് പറഞ്ഞുകൊടുക്കൂ....

ഒരു വിധം പറഞ്ഞൊപ്പിച്ചു. അധിക നേരം അവിടെ നിൽക്കാനുള്ള ത്രാണി ഇല്ലാതെയായി.

വേണ്ടാ... ഓടിപ്പോകാൻ നോക്കണ്ടാ... നെന്നെ എനിക്കറിഞ്ഞൂടെ .....

എടീ....സുഭദ്രേ.... അവനെ അകത്തേക്ക് വിളിച്ചോണ്ട് പോ...

അമ്മ വിടാതെ പിടിച്ചിരിക്കുകയാണ്. സുഭദ്രയുടെ കണ്ണുകൾ തോരുന്നില്ല. സാരിത്തുമ്പിൽ മുഖം മറച്ച് തേങ്ങുകയാണ്. അത് കാണാൻ വയ്യ. ഇവിടെ നിന്ന് രക്ഷപ്പെടാൻ എന്താണൊരു വഴി? ഈശ്വരാ.... എന്തിനിങ്ങനെ പരീക്ഷിക്കുന്നു? കുതറി നോക്കി. രക്ഷയില്ല.

അർജ്ജുനാ കളിക്കണ്ടാട്ടോ....  നല്ല അടി കിട്ടും...... അമ്മ ശ്വാസിച്ചു. അതൊടൊപ്പം അമ്മ അണച്ചുപിടിച്ചു. അമ്മയുടെ ഹൃദയമിടിപ്പ് കാതിൽ വന്നലച്ചു.... അമ്പലപ്രാവുകൾ കുറുകുന്നതുപോലെ തോന്നി.

കയറി ഇരിക്കൂ.... ഏതായാലും വന്നില്ലെ.... ഞാൻ കാപ്പി എടുക്കാം...   അമ്മയ്ക്കെങ്കിലും സമാധാനമാവട്ടെ..... 

സുഭദ്രയുടെ നേർത്ത ശബ്ദം. മടിച്ചു നിൽക്കാതെ കോലായിലേക്കു കയറി. ചുമരിലേക്ക് കണ്ണുകൾ വീണു. അവിടെ ധാരാളം ദേവീദേവന്മാരുടെ ചിത്രങ്ങൾ. നാനാജാതി മതസ്ഥരുടെ ദേവാലയം പോലെയാണ് വീട്..... പക്ഷേ...

കാപ്പി കഴിക്കൂ......

മുന്നിൽ സുഭദ്ര. അമ്മ മുറുക്കാൻ ചെല്ലം തുറന്ന് വെറ്റിലയിൽ ചുണ്ണാമ്പും അടക്കാപൊടിയും ഇടുകയാണ്.

വിറയാർന്ന വിരലുകൾക്കിടയിൽ പിടയുന്ന ഹൃദയം പോലെ കാപ്പി നിറച്ച ഗ്ലാസ്. നല്ല ചൂടുണ്ട്. സാവകാശം ചുണ്ടോടു ചേർത്തു.

ഗ്ലാസിൽ ചോരയുടെ മണം. കാപ്പിക്ക് ചുവന്ന നിറം. കുടിക്കാനാവുന്നില്ല. മനം പുരട്ടുന്നതുപോലെ. ഛർദ്ദിക്കുമെന്ന് തോന്നി. സുഭദ്രയുടെ മുഖത്തേക്ക് നോക്കി. അവൾ വിതുമ്പി  കരയുന്നുണ്ട്.

രണ്ടും കൽപ്പിച്ച് ഒറ്റവലിക്ക് കുടിച്ചു. സൂര്യഗോളം കണ്ഠത്തിലൂടെ ഊർന്നിറങ്ങുന്നതുപോലെ തോന്നി. കണ്ണിൽ വെള്ളം നിറഞ്ഞു.

ഗ്ലാസ് സുഭദ്രയെ ഏൽപ്പിച്ച് പടിയിറങ്ങാൻ കാൽവെച്ചപ്പോൾ തെന്നിപ്പോയി. അമ്മയുടെ സാരിത്തുമ്പ് കാലിൽ കുടുങ്ങിയതാണ്. വീഴാനാഞ്ഞപ്പോഴേക്കും ആരോ ഷർട്ടിൽ വലിച്ചു. അത് സുഭദ്രയായിരുന്നു. നന്ദിയോടെ സുഭദ്രയെ നോക്കി നിന്നപ്പോൾ പലതും ചോദിച്ചറിയാൻ മനസ്സ് വെമ്പി.

അമ്മ അകത്തേക്ക് പോയെന്ന് തോന്നുന്നു.... ഏട്ടൻ വേഗം പൊയ്ക്കൊള്ളൂ… ഉണ്ണിക്കുട്ടൻ ഉണർന്നാൽ ആകെ ബഹളമാവും. അച്ഛനെ കാണാഞ്ഞ് ഉണ്ണിക്കുട്ടനും വിഭ്രാന്തിയിലാ... അവന്റെ കണ്ണിൽപെട്ടാൽ പോകാൻ പറ്റില്ല. വേഗം പൊ‌യ്ക്കോളൂ.......

ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല. ചോദ്യം മനസ്സിലുണ്ട്. അതൊന്നും നാവിൽ എത്തുന്നില്ല.

പെട്ടെന്ന് സുഭദ്ര അകത്തേക്ക് കടന്നു. ഉച്ചത്തിൽ സുഭദ്രയുടെ നിലവിളിയും ഉയർന്നു കേട്ടു.           

പടി ഇറങ്ങവേ, പൊടുന്നനെ ഒരു കാഴ്ച കണ്ടു. ചുമരിൽ പൂമാല ചാർത്തിയ ഒരു ചിത്രം. സുസ്മേരവദനനായ ഒരു യുവാവ് അർജ്ജുൻ! അല്ലാ ഞാൻ തന്നെ! 

മനസ്സിൽ ഒരാന്തലുണ്ടായി. ഈശ്വരാ എന്നെ ചുമരിൽ തൂക്കിയതാരാണ്?

@ടി.വി.എം അലി

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം