പാലക്കാട് ജില്ലയിൽ നെല്ല് അളന്ന മുഴുവൻ കർഷകരുടെയും തുക വിതരണം ഈയാഴ്ച തന്നെ പൂർത്തിയാകുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.
കഴിഞ്ഞ വ്യാഴം മുതൽ തുക വിതരണം തുടങ്ങിയിരുന്നു. ഇതിനകം 90% തുകയും വിതരണം ചെയ്തു കഴിഞ്ഞു. സംസ്ഥാന സർക്കാർ കഴിഞ്ഞ ആഴ്ച അനുവദിച്ച 150 കോടി രൂപ കൂടി ബാങ്കുകളിൽ എത്തിയതോടെയാണ് തുക വിതരണം ഊർജ്ജിതമായത്.
രണ്ടാം വിള നെല്ല് സംഭരണത്തിന്റെ ഭാഗമായി ജില്ലയിൽ 57,325 കർഷകരിൽ നിന്നാണ് സംഭരണം നടത്തിയത്. ആകെ 1,43,899 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതിൽ മെയ് 30വരെ നെല്ലളന്ന 50,525 കർഷകരുടെ 12734 മെട്രിക് ടൺ നെല്ലിൻ്റെ തുക കഴിഞ്ഞ ആഗസ്‌ത് അവസാനത്തോടെ പൂർണമായും കൊടുത്തിരുന്നു.
ആഗസ്‌ത് 30 വരെ 360 കോടി രൂപയാണ് വിതരണം ചെയ്തത്. ബാക്കിയുള്ളത് 90 കോടി രൂപ മാത്രമാണ്. ഈ തുകയാണ് നിലവിൽ ബാങ്കുകളിൽ എത്തിയിട്ടുള്ളത്. ഇതോടെ മുമ്പുള്ള കുടിശ്ശികയുൾപ്പെടെ ജൂലൈ 31 വരെ നെല്ലളന്ന 6800 കർഷകർക്കുള്ള മുഴുവൻ തുകയും കൊടുത്തു തീർക്കും.
2024-25 വർഷത്തിൽ രണ്ടു വിളയിലുമായി 91,117 കർഷകരിൽ നിന്ന് 2,18,224 മെട്രിക് ടൺ നെല്ല് സംഭരിച്ചു. ഇതിന് 557 കോടി രൂപയാണ് നൽകേണ്ടത്. ഇതിൽ 60 കോടി രൂപയാണ് നൽകാനുള്ളത്. ഈ കുടിശ്ശികയും വിഹിതവുമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.
കനറാ ബാങ്ക്, എസ്.ബി.ഐ എന്നിവ വഴിയാണ് തുക വിതരണം. രണ്ട് ബാങ്കുകളുമായും കരാർ നിലവിൽ ഉള്ളതിനാൽ തുക വിതരണത്തിന് മറ്റു തടസ്സങ്ങളില്ലെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു.
