ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണങ്ങൾ കവർന്ന് പണയംവച്ച കേസിൽ ശാന്തിക്കാരൻ അറസ്റ്റിൽ. ചാലക്കുടി മുരിങ്ങുർ നരസിംഹ മൂർത്തി ക്ഷേത്രത്തിലെ 2.7പവൻ തൂക്കം വരുന്ന ആഭരണമാണ് മോഷ്ടിച്ചത്. ക്ഷേത്രം ശാന്തിക്കാരൻ കണ്ണൂർ അഴീക്കോട് സ്വദേശി അശ്വന്ത് (34) ആണ് അറസ്റ്റിലായത്. ക്ഷേത്രം പ്രസിഡന്റ് രാജീവിന്റെ പരാതിയെത്തുടർന്നാണ് നടപടി.
2020 ഫെബ്രുവരി 2നാണ് അശ്വന്ത് ശാന്തിക്കാരനായി ജോലിയിൽ പ്രവേശിച്ചത്. തിരുവാഭരണങ്ങളുടെയും വെള്ളിപ്പാത്രങ്ങളുടെയും ചുമതല ഇയാൾക്കായിരുന്നു. ആഭരണങ്ങൾ അവിടെയില്ലെന്ന സംശയം വന്നതോടെ തിരുവാഭരണങ്ങൾ കാണിച്ചു തരാൻ കമ്മിറ്റിയംഗങ്ങൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മുഴുവൻ ഭാരവാഹികളും വന്നാലേ കാണിക്കുവെന്ന് ശാന്തിക്കാരൻ പറഞ്ഞു. തുടർന്ന് എല്ലാ ഭാരവാഹികളും ക്ഷേത്രത്തിലെത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്. ചോദ്യം ചെയ്യലിൽ ആഭരണങ്ങൾ ചാലക്കുടിയിലെ ബാങ്കിൽ പണയംവച്ചതായി അശ്വന്ത് അറിയിച്ചു.
കമ്മിറ്റിയംഗങ്ങൾ നടത്തിയ പരിശോധനയിൽ പത്ത് ഗ്രാം വരുന്ന കാശുമാല, ഏഴ് ഗ്രാം തൂക്കമുള്ള സ്വർണ വളയടക്കം പല ആഭരണങ്ങളും ശ്രീകോവിലിൽ നിന്ന് നഷ്‌ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് കൊരട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിടിയിലായ അശ്വന്ത് പാലാരിവട്ടം സ്റ്റേഷൻ പരിധിയിലെ വെണ്ണല മാതാരത്ത് ദേവീക്ഷേ ത്രത്തിലേയും ഉദയംപേരൂർ സ്റ്റേഷൻ പരിധിയിലെ പുല്ലാട്ടു കാവ് ക്ഷേത്രത്തിലേയും തിരുവാഭരണം മോഷ്‌ടിച്ച് പണയം വച്ച കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
