മെതിയന്ത്രം മറിഞ്ഞു വീണ് തൊഴിലാളി മരിച്ചു

പാലക്കാട് പൊൽപ്പുള്ളി പനയൂർ അത്തിക്കോട് പന്നിമടക്കളത്തിലാണ് ദാരുണ സംഭവം. മെതിയന്ത്രം മറിഞ്ഞുവീണ് തൊഴിലാളിയായ മേട്ടുപ്പാളയം ആശാരിത്തറ ശശിധരനാണ് (56) മരിച്ചത്. അവിവാഹിതനാണ്. 

കഴിഞ്ഞ ദിവസം യന്ത്രം നന്നാക്കുന്നതിനിടെയാണ് അപകടം. ശിവശങ്കരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പന്നിമടക്കളത്തിൽ മെതി യന്ത്രം നന്നാക്കുന്നതിന് ചിറ്റൂർ സ്വദേശി ബാലഗോപാലിനൊപ്പം സഹായിയായാണ് ശശിധരൻ എത്തിയത്. 

മെതി യന്ത്രത്തിൽ ധാന്യം വേർ തിരിച്ചെടുക്കുന്നതിനായി യന്ത്രത്തിലെ ടയറുകൾ ഊരി മാറ്റി ആ ഭാഗത്ത് മണ്ണുനിറച്ച ചാക്ക് നിരത്തി വയ്ക്കുന്നതിനിടെ യന്ത്രം ഒരു ഭാഗത്തേക്ക് മറിയുകയായിരുന്നു. 

ഈ സമയം യന്ത്രത്തിൻ്റെ സമീപത്തു നിന്ന ശിവശങ്കരനും ബാലഗോപാലും ഓടി മാറിയെങ്കിലും ശശിധരന് നീങ്ങാനായില്ല. പൊടുന്നനെ ശശിധരന് അപസ്മാരം ഉണ്ടായതായും പറയപ്പെടുന്നു. സ്ഥലമുടമയുടെ നേതൃത്വത്തിൽ ട്രാക്ടർ ഉപയോഗിച്ച് മെതി യന്ത്രം നീക്കിയ ശേഷമാണ് ശശിധരനെ പുറത്തെടുത്തത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ശശിധരൻ മേട്ടുപ്പാളയത്തും പരിസരപ്രദേശങ്ങളിലും കൂലിപ്പണി ചെയ്തു‌ വരുന്നതിനോടൊപ്പം വിവിധ ജോലികൾക്ക് സഹായിയായും പോകാറുണ്ട്. സംസ്‌കാരം ഇന്ന് ചിറ്റൂർ പുഴപ്പാലം വാതക ശ്മശാനത്തിൽ നടന്നു.  അച്ഛൻ: പരേതനായ വാസു. അമ്മ: പരേതയായ മണിയമ്മ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം