നെന്മാറ പോത്തുണ്ടി തിരുത്തംപാടത്ത് സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊടും കുറ്റവാളി ചെന്താമര കുറ്റക്കാരനെന്ന് കോടതി.
പാലക്കാട് അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമരയെ കുറ്റക്കാരനെന്ന് വിധിച്ചത്. 2019ലാണ് സുധാകരൻ്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊന്നത്.
ചെന്താമരയ്ക്കെതിരേ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. മറ്റന്നാൾ കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കും. വിധി കേള്‍ക്കാൻ സജിതയുടെ മക്കളായ അതുല്യയും അഖിലയും കോടതിയിൽ എത്തിയിരുന്നു.
ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നു കഴിയുന്നതിന് കാരണം സജിതയും സുധാകരനും ലക്ഷ്മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്.
നെന്മാറ പഞ്ചായത്തിൽ കടക്കരുതെന്ന ജാമ്യ ഉപാധി ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടിൽ താമസിച്ചതും ഇരട്ടക്കൊല നടത്തിയതും. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പുറത്തിറങ്ങിയാൽ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്നും സജിതയുടെ മക്കൾ പ്രതികരിച്ചു.
ആറുവർഷങ്ങൾക്ക് ശേഷമാണ് വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറയുന്നത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയത്.
2019 ഓഗസ്റ്റ് 31 നായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം. താനും ഭാര്യയും പിരിയാന്‍ കാരണം ഭാര്യയുടെ അടുത്ത സുഹൃത്തായ സജിതയാണെന്ന് വിശ്വസിച്ച ചെന്താമര, സജിതയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്.
കേസിൽ 68 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ പ്രതി ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. വിധി വരുന്നതോടൊപ്പം നെന്മാറ ഇരട്ടക്കൊലപാതകക്കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കാനും സാധ്യതയുണ്ട്.
ഇതിനിടെ, ചെന്താമരയുടെ ഭീഷണി കാരണം പ്രധാനസാക്ഷി നാടുവിട്ടുപോയിരുന്നു. പോത്തുണ്ടി സ്വദേശി പുഷ്പ തമിഴ്നാട്ടിലാണ് ഇപ്പോൾ താമസം. ചെന്താമര പലതവണ ഭീഷണി മുഴക്കിയെന്നും ജീവനു ഭീഷണിയുണ്ടെന്നും പുഷ്പയുടെ മക്കൾ പറഞ്ഞു. സജിതയുടെ വീട്ടില്‍ നിന്ന് കൊലയ്ക്ക് ശേഷം ചെന്താമര ഇറങ്ങി വരുന്നത് പുഷ്പ കണ്ടിരുന്നു.
