മുൻ എം.എൽ.എ ബാബു എം പാലിശ്ശേരി നിര്യാതനായി

സി.പി.ഐ.എം ജില്ലാ സെക്രട്ടറിയറ്റംഗവും രണ്ടുതവണ കുന്നംകുളം എം.എൽ.എയുമായിരുന്ന ബാബു എം.പാലിശ്ശേരി (67) നിര്യാതനായി. പാർക്കിൻസൺസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്‌ച  കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് (ചൊവ്വാഴ്‌ച ) ഉച്ചയ്ക്കാണ് മരണം.

1989ൽ കടവല്ലൂർ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ പൊതുരംഗത്ത് സജീവമായി. കുന്നംകുളം മണ്ഡലത്തിൽ നിന്നും 2006ൽ ജില്ലയിലെ ചരിത്ര ഭൂരിപക്ഷത്തോടെ ആദ്യമായി നിയമസഭയിലെത്തി. 2011ൽ വിജയം ആവർത്തിച്ചു. എം.എൽ.എ എന്ന നിലയിൽ കുന്നംകുളം മണ്ഡലത്തിൽ ഒട്ടേറെ വികസനം നടപ്പാക്കി.

സി.പി.ഐ.എം കുന്നംകുളം എരിയ സെക്രട്ടറിയായിരുന്നു. 2005ൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റിലെത്തി. ഡി.വൈ.എഫ്.ഐയുടെ ജില്ല സെക്രട്ടറി, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡൻ്റ്, കേരള കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എന്നീ നിലയിലും പ്രവർത്തിച്ചിരുന്നു. സാംസ്‌കാരിക രംഗത്തും തിളങ്ങിയ ബാബു എം പാലിശ്ശേരി നാടകത്തിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്.  ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റായിരുന്നു.  

കോഴിക്കോട് സെന്റ് വിൻസെൻ്റ് കോളനി സ്കൂൾ, മലബാർ ക്രിസ്‌ത്യൻ കോളേജ് എച്ച്.എസ്, പെരുമ്പിലാവ് ടി.എം.എച്ച്.എസ്, പട്ടാമ്പി സംസ്കൃ‌ത കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

കടവല്ലൂർ പഞ്ചായത്തിലെ കൊരട്ടിക്കര മുള്ളത്ത് പാലിശ്ശേരി വീട്ടിൽ പി.രാമൻ നായരുടേയും എം. അമ്മിണിയമ്മയുടേയും മകനാണ്. 

ഭാര്യ: ഇന്ദിര. (അടാട്ട് ഫാമേഴ്‌സ് ബാങ്ക് ബ്രാഞ്ച് മാനേജർ). 

മക്കൾ: അശ്വതി (യു.കെ), നിഖിൽ (എൻജിനിയർ). മരുമകൻ : ശ്രീജിത്ത് (ഒമാൻ). 

സഹോദരങ്ങൾ : മാധവനുണ്ണി, എം.ബാലാജി, നാരായണിക്കുട്ടി, രാജലക്ഷ്മ‌ി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം