വിരമിച്ചതിൻ്റെ പിറ്റേന്ന് മരണമടഞ്ഞ വെളിച്ചപ്പാടിന് നാടിൻ്റെ പ്രണാമം. ചാലിശ്ശേരി ശ്രീ മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിൽ 47വർഷമായി ഭഗവതിയുടെ പ്രതിപുരുഷനായിരുന്ന വെളിച്ചപ്പാട് ശിവശങ്കരനെ നാട്ടുകാർ അനുസ്മരിച്ചു.
മുലയംപറമ്പ് ക്ഷേത്ര മൈതാനത്ത് കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്. മൗന പ്രാർത്ഥനക്ക് ശേഷം മുൻ ഗുരുവായൂർ മേൽശാന്തി കാപ്ര അച്ചുതൻ നമ്പൂതിരി നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് അനുസ്മരണ പ്രഭാഷണവും നടത്തി.
കേന്ദ്ര പൂരാഘോഷ കമ്മിറ്റി തയ്യാറാക്കിയ വെളിച്ചപ്പാടിൻ്റെ ഫോട്ടോ കാപ്ര അച്ചുതൻ നമ്പൂതിരി പ്രകാശനം നടത്തിയ ശേഷം വെളിച്ചപ്പാടിൻ്റെ മകൻ പ്രസാദിന് കൈമാറി. പ്രവാസിയായ പ്രിയൻ പോർക്കുളം വെളിച്ചപ്പാടിനെക്കുറിച്ച് എഴുതിയ കവിതയും പ്രകാശനം ചെയ്തു.
ചടങ്ങിൽ കേന്ദ്ര പൂരാഘോഷ കമ്മിറ്റി പ്രസിഡൻ്റ കെ.കെ മുരളി അധ്യക്ഷനായി. പൂമുള്ളി നാരായണൻ നമ്പൂതിരി, കോട്ടൂർ വാസുദേവൻ നമ്പൂതിരി, വേങ്ങാട്ടൂർ വാസുദേവൻ നമ്പൂതിരി, തത്താണത്ത് നാരായണൻ നമ്പൂതിരി, കെ.പി.എസ് ഉണ്ണി, ഗോവിന്ദൻ കണ്ണാലത്ത്, കേരള ഫെസ്റ്റിവൽ തൃത്താല മേഖല എക്സ്ക്യൂട്ടീവ് അംഗം ഉണ്ണിക്കുട്ടൻ കരിക്കാട്, പ്രദീപ് ചെറുവാശ്ശേരി എന്നിവർ സംസാരിച്ചു.
കേന്ദ്ര പൂരാഘോഷ കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത് പടിഞ്ഞാറെ മുക്ക് സ്വാഗതവും, ട്രഷറർ സുഷി ആലിക്കര നന്ദിയും പറഞ്ഞു.
