കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് സെൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ സംഘടിപ്പിച്ച മിനി ദിശ നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.ഷാബിറ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടുത്തോൾ മുഖ്യാതിഥിയായി.
വിദ്യാഭ്യാസ ജില്ലയിലെ 36 ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള ഹയർ സെക്കൻഡറി വിദ്യാർത്ഥികളാണ് പ്രദർശനം കാണാൻ എത്തിയത്. ആദ്യദിവസം വിവിധ വിഷയങ്ങളിൽ കരിയർ സെമിനാറുകളും കരിയർ കൗൺസിലിംഗും നടന്നു. മേളയുടെ സമാപന ദിവസം കരിയറിലെ പുതു പ്രവണതകൾ, സംരംഭകത്വം എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. സർക്കാർ സ്ഥാപനങ്ങൾ മാത്രമാണ് ദിശ എക്സ്പോയിൽ പങ്കെടുത്തത്. സിവിൽ സർവീസ് അക്കാദമി,
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കെൽട്രോൺ, അസാപ്പ്, സ്കോൾ കേരള, ഇന്ത്യ പോസ്റ്റ്, കെ.ഡാറ്റ്, സി.ഡിറ്റ് തുടങ്ങിയ കരിയർ ഗൈഡൻസ് സ്ഥാപനങ്ങളുടെ പ്രത്യേക സ്റ്റാളുകളും പ്രദർശനത്തിൽ ഉണ്ടായിരുന്നു. സ്റ്റഡി അബ്രോഡ്, 21st സെഞ്ചുറി സ്കിൽസ് തുടങ്ങിയ വിഷയങ്ങളിൽ കരിയർ സെമിനാറുകളും നടന്നു.
പി.ടി.എ പ്രസിഡണ്ട് വി.ടി.എ കരീം, മദർ പി.ടി.എ പ്രസിഡണ്ട് കെ.വി ശാരദ, സിജി ആൻഡ് എ.സി വിദ്യാഭ്യാസ ജില്ലാ കൺവീനർ ടി.ഹാഷിം, ജില്ലാ കോഡിനേറ്റർ സാനു കെ. സുഗതൻ, ജില്ലാ ജോയിൻ്റ് കോഡിനേറ്റർ സെറീന ഹനീഫ, സ്റ്റാഫ് സെക്രട്ടറി കെ.ശ്രീകാന്ത്, സ്കൂൾ ചെയർ പേഴ്സൺ പി.ടി അൻഷിദ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എസ്.ജൂഡ് ലൂയിസ് സ്വാഗതവും ഹെഡ്മിസ്ട്രസ് സി.വി രാധിക നന്ദിയും പറഞ്ഞു.
