പാലക്കാട് ജില്ലയിൽ തന്നെ മികച്ച കളിസ്ഥലങ്ങളിൽ ഒന്നായ കുമരനല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് കുപ്പിച്ചില്ലും കരിങ്കൽ ചീളുകളുമടങ്ങിയ ടൺ കണക്കിന് മണ്ണ് നിക്ഷേപിച്ചത് പ്രതിഷേധത്തിനിടയാക്കി.
നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ സമീപത്തു നിന്നാണ് മാലിന്യങ്ങൾ അടങ്ങിയ മണ്ണ് കളിക്കളത്തിന് അടുത്തും സ്റ്റേജിനരികിലും തളളിയത്. സ്റ്റേജിനരികിലും മറ്റുമായി കൂട്ടിയിട്ട മണ്ണ് മഴ പെയത് ഒലിച്ചിറങ്ങി കളി സ്ഥലം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ വരുമെന്ന ആശങ്കയിലാണ് കുട്ടികൾ.
മാസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ മണ്ണ് നിക്ഷേപിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അത് ഉടൻ നീക്കം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയെങ്കിലും നടന്നില്ല. കഴിഞ്ഞ ദിവസം സ്കൂളിൽ കായിക മേളയുടെ സുഗമമായ നടത്തിപ്പിന് മൺകൂനകൾ തടസ്സമായപ്പോൾ വൻ തുക ചിലവഴിച്ച് പി.ടി.എക്ക് മറ്റൊരു ഇടത്തേക്ക് മണ്ണ് നീക്കേണ്ടി വന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും ലോഡ് കണക്കിന് മണ്ണ് ഗ്രൗണ്ടിൽ പരത്തിയത്.
ഇതിനെ തുടർന്ന് കായിക പ്രേമികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് വന്നു. ഗ്രൗണ്ടിൽ നിക്ഷേപിച്ച മണ്ണിന് മുകളിൽ വാഴയും ചേമ്പും നട്ട് നാട്ടുകാരും കായിക പ്രേമികളും പ്രതിഷേധിച്ചു. മണ്ണ് ലേലം ചെയ്ത് നീക്കാനുള്ള നടപടികൾ ഉടൻ നടത്തുമെന്നും പി.ടി.എയും സ്കൂൾ അധികൃതരും പറഞ്ഞു.
