നമ്മുടെ കാലഘട്ടത്തിൽ ഏറെ പ്രസക്തിയുള്ള ഒരു വിഷയത്തെക്കുറിച്ചാണ് ഈ കുറിപ്പ്. HIVയും വിവാഹവും, പ്രത്യേകിച്ച് രോഗം മറച്ചുവച്ച് നടക്കുന്ന വിവാഹങ്ങൾ നിരവധിയാണ്. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വിവരണാതീതമാണ്.
വിവാഹം വെറും രണ്ട് പേരുടെ സംഗമമല്ല. അത് വിശ്വാസത്തിന്റെ, സത്യസന്ധതയുടെ, ഉത്തരവാദിത്വത്തിന്റെ ഒരു ഉടമ്പടിയാണ്. എന്നാൽ, HIV രോഗാവസ്ഥ മറച്ചുവച്ച് വിവാഹത്തിലേക്ക് കടക്കുന്നവർ, പങ്കാളിയുടെ ജീവനും ആരോഗ്യവും അപകടത്തിലാക്കുന്നു. അത് വെറും ഒരു വ്യക്തിപരമായ തെറ്റല്ല; മറിച്ച് ഒരു വഞ്ചനയും കുറ്റകൃത്യവുമാണ്.
ഇന്നത്തെ കാലഘട്ടത്തിൽ HIV ചികിത്സിക്കാനാകാത്ത രോഗമല്ല. Anti Retroviral Therapy പോലുള്ള ചികിത്സകളുടെ സഹായത്തോടെ, രോഗം നിയന്ത്രണ വിധേയമാക്കുകയും, രോഗബാധിതർക്ക് ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാനും കഴിയുന്നു. എങ്കിലും, നമ്മുടെ സമൂഹത്തിൽ ഇന്നും HIVയെക്കുറിച്ചുള്ള തെറ്റിദ്ധാരണയും പേടിയും നിലനിൽക്കുന്നതിനാൽ, പലരും തങ്ങളുടെ രോഗാവസ്ഥ മറച്ചുവച്ച് വിവാഹത്തിൽ പ്രവേശിക്കുകയാണ്. ഇതിന്റെ ഫലം വളരെ ഭീകരമാണ്. ജീവിത പങ്കാളിയുടെ ആരോഗ്യം അപകടത്തിലാകും. കുടുംബം തകർന്നടിയും. നിയമപരമായ പ്രശ്നങ്ങൾ ഉയരും. സമൂഹത്തിൽ HIV ബാധിതർക്കെതിരെ കൂടുതൽ അവിശ്വാസവും ഭയവും വ്യാപിക്കും.
ഇന്നത്തെ സാഹചര്യത്തിൽ, നമ്മുടെ രാജ്യത്ത് ഇപ്പോഴും ലക്ഷക്കണക്കിന് പേർ HIV ബാധിതരാണ്. ഗ്രാമങ്ങളിൽ ഇപ്പോഴും ബോധവൽക്കരണം കുറവാണ്. സ്ത്രീകളും കുട്ടികളും പോലും, പങ്കാളി അല്ലെങ്കിൽ മാതാപിതാക്കൾ രോഗാവസ്ഥ മറച്ചുവച്ചതിനാൽ രോഗ ബാധിതരാകുന്നു. ഇത് വെറും രോഗ പ്രശ്നമല്ല, മാനവികതയുടെ തന്നെ നഷ്ടമാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ നാം എന്തു ചെയ്യണം?
സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണ്. വിവാഹത്തിന് മുൻപ് HIV പരിശോധന നിർബന്ധമാക്കണം. ഗ്രാമങ്ങളിൽ സൗജന്യവും രഹസ്യവുമായ പരിശോധനാ കേന്ദ്രങ്ങൾ ഒരുക്കണം. ബോധവൽക്കരണ പരിപാടികൾ സ്കൂളുകളിൽ, കോളേജുകളിൽ, സമൂഹത്തിൽ, ആരാധനാലയങ്ങളിൽ വരെ എത്തിക്കണം.
നിയമത്തിന്റെ ശക്തമായ പ്രയോഗം ഉണ്ടാവണം. രോഗാവസ്ഥ മറച്ചു വെക്കുന്നവർക്കെതിരെ കർശന നടപടി വേണം. സൗജന്യ ചികിത്സയും മാനസിക പിന്തുണയും HIV ബാധിതർക്കായി സർക്കാർ ഉറപ്പാക്കണം.
പക്ഷേ, സർക്കാർ മാത്രം മതിയോ? എന്ന ചോദ്യം ഉയരാം. പോരാ. നമ്മുടെ സമൂഹവും മാറണം.
HIV ബാധിതരെ നാം അവഗണിക്കാതെ, കരുണയോടെയും ബഹുമാനത്തോടെയും കാണണം. യുവാക്കളെ ബോധവൽക്കരിക്കണം. കുടുംബങ്ങൾ തുറന്നു സംസാരിക്കാൻ തയ്യാറാകണം. HIV മറച്ചുവച്ച് വിവാഹം കഴിക്കുന്നത് ഒരു കുറ്റകൃത്യം മാത്രമല്ല, അത് ജീവിതത്തോടും വിശ്വാസത്തോടുമുള്ള വഞ്ചനയാണ്. മറച്ചുവയ്ക്കൽ രോഗം വ്യാപിപ്പിക്കും. അതിനാൽ, HIV പ്രശ്നത്തെ സമൂഹവും സർക്കാരും ഒരുപോലെ ഏറ്റെടുക്കുകയും, തുറന്ന മനസ്സോടും ഉത്തരവാദിത്വത്തോടും സമീപിക്കുകയും വേണം.
ഷാനിത ഇ.ആർ തൃശൂർ.
(വീട്ടമ്മയും വിദ്യാർത്ഥിനിയുമാണ് ഷാനിത ഇ.ആർ. M.A പഠനത്തോടൊപ്പം കൗൺസിലിംഗ് സൈക്കോളജി ചെയ്തു കൊണ്ടിരിക്കുന്നു. ഭർത്താവ്: ഷിഹാബ്).
~~~~~~~~~~~~~~~~~~~~~~~
പ്രതിദ്ധ്വനി എന്ന പ്രതിവാര പംക്തിയിലേക്ക് കാലിക പ്രസക്തിയുള്ള വിഷയങ്ങൾ എഴുതാം. മലയാളം യൂനിക്കോഡിൽ ടൈപ്പ് ചെയ്ത് ബയോ ഡാറ്റ ഫോട്ടോ സഹിതം 9447531641 എന്ന whatsapp നമ്പറിൽ അയക്കാം.
~~~~~~~~~~~~~~~~~~~~~~~~
