മലയാള സിനിമയിലെ ആദ്യത്തെ ഓൾ റൗണ്ടറായിരുന്ന ബാലചന്ദ്രമേനോൻ സിനിമാ കരിയർ തുടങ്ങിയിട്ട് ഈ വർഷം അരനൂറ്റാണ്ട് തികയുന്നു.
സിനിമയിൽ അമ്പതാണ്ട് നിറഞ്ഞുനിന്ന ബാലചന്ദ്രമേനോന്റെ ചലച്ചിത്ര ജീവിത ജൂബിലി കൊണ്ടാടാൻ സുഹൃത്തുക്കളും സഹപ്രവർത്തകരും ഒരുങ്ങുകയാണ്.
നവം.29ന് വൈകിട്ട് 6 മണിക്ക് ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ നടന ഭാവങ്ങളുടെ ഓൾ റൗണ്ടർ ജഗതി ശ്രീകുമാർ ഉൾപ്പെടെ സിനിമാ രംഗത്തു നിന്നുള്ള പ്രമുഖരും ബാലചന്ദ്രമേനോന്റെ സുഹൃത്തുക്കളും പങ്കെടുക്കും. ബാലചന്ദ്രമേനോൻ സ്ഥാപകനായ 'റോസസ് ദ ഫാമിലി ക്ലബ്ബാ'ണ് ആഘോഷ.പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
മലയാള സിനിമയിൽ സമാന്തര ധാരയായി വർത്തിച്ച ബാലചന്ദ്രമേനോന്റെ സിനിമകൾക്ക് കുടുംബ പ്രേക്ഷകരുടെ പിന്തുണയുണ്ടായിരുന്നു.
കഥയെഴുത്തു മുതൽ നായക പദവി വരെ കയ്യാളിയ മേനോൻ നിരവധി നായികമാരെ മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ട്. ഓരോ സിനിമയിലും ഓരോ പുതുമുഖ നായികമാരെയാണ് മേനോൻ പരീക്ഷിച്ചത്.
ഇന്ന് ലോകമറിയുന്ന ശോഭനയും പാർവതിയും രോഹിണിയും കാർത്തികയുമൊക്കെ മേനോൻ സിനിമകളിലൂടെ എത്തിയവരാണ്.
'കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബാലചന്ദ്രമേനോൻ' എന്ന ടൈറ്റിൽ ക്രെഡിറ്റ് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് 1978ൽ പുറത്തിറങ്ങിയ 'ഉത്രാടരാത്രി' മുതലാണ്.
അതിനും രണ്ടുവർഷം മുൻപ് 1975ൽ നാന സിനിമാ വാരികയുടെ റിപ്പോർട്ടറായാണ് ബാലചന്ദ്രമേനോൻ സിനിമാ ജീവിതത്തിലെ എഴുത്ത് തുടങ്ങുന്നത്. ഫിലിം ജേർണലിസ്റ്റ് എന്ന രീതിയിലുള്ള ആ യാത്രയാണ് രണ്ടുവർഷത്തിനു ശേഷം സ്വന്തം സിനിമയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
ആറ് സിനിമകൾക്കുശേഷം, 1981ൽ പുറത്തിറങ്ങിയ 'മണിയൻപിള്ള അഥവാ മണിയൻപിള്ള' എന്ന സിനിമിയിലൂടെ രചനയ്ക്കും സംവിധാനത്തിനുമൊപ്പം നടനായും മേനോൻ ആദ്യമായി വെള്ളിത്തിരയിലെത്തി.
1982ൽ പുറത്തിറങ്ങിയ 'ചിരിയോ ചിരി' മുതൽ സംവിധാനം ചെയ്യുന്ന സിനിമകളിൽ മേനോനെ മുഖ്യവേഷത്തിൽ സിനിമാപ്രേക്ഷകർ കണ്ടുതുടങ്ങി. തുടർന്ന് മലയാള സിനിമയിൽ ആ വട്ടക്കെട്ട് ഒരു ബ്രാൻഡായി മാറുകയും ചെയ്തു.
സംവിധാനം ചെയ്ത 37 സിനിമകളിൽ 27ലും മേനോൻ തന്നെയായിരുന്നു നായകൻ. മമ്മൂട്ടി നായകനായി 1991ൽ പുറത്തുവന്ന 'നയം വ്യക്തമാക്കുന്നു' എന്ന സിനിമയിൽ മുഖം കാണിക്കാതെ വിട്ടു നിന്നിട്ടുമുണ്ട്. പതിവ് ബാലചന്ദ്രമേനോൻ സിനിമകളുടെ സ്വഭാവത്തിൽനിന്ന് വ്യത്യസ്തമായ കഥയായിരുന്നു ആ സിനിമയുടേത്.
1986ൽ 'തായ്ക്ക് ഒരു താലാട്ട്' എന്ന തമിഴ് സിനിമയും അദ്ദേഹം സംവിധാനം ചെയ്തു. മറ്റു സംവിധായകരുടെ മുപ്പതിലധികം സിനിമകളിലും അദ്ദേഹം വേഷമിട്ടു. ഇതിനിടയിൽ നിർമ്മാതാവ്, ഗാന രചയിതാവ്, സംഗീത സംവിധായകൻ, ഗായകൻ, എഡിറ്റർ തുടങ്ങി സിനിമയുടെ സകല മേഖലകളിലും മേനോൻ കൈവച്ചു.
'എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി' എന്ന സിനിമയിൽ ഗായകനായും 'അച്ചുവേട്ടന്റെ വീടി'ൽ എഡിറ്ററായും 'സമാന്തരങ്ങ'ളിൽ സംഗീത സംവിധായകനായും പ്രത്യക്ഷപ്പെട്ടു.
1998ൽ സ്വന്തം സൃഷ്ടിയായ 'സമാന്തരങ്ങളി'ലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചു. 2007ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
ഈ വർഷം സിനിമാജീവിതത്തിന്റെ അൻപതാണ്ട് പൂർത്തിയാകുമ്പോൾ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന രാഷ്ട്രീയ സിനിമയിൽ മുഖ്യമന്ത്രിയുടെ വേഷം ചെയ്യുകയാണ് അദ്ദേഹമിപ്പോൾ. വൈകാതെ അടുത്ത സിനിമ സംവിധാനം ചെയ്യുകയെന്ന പദ്ധതിയും ബാലചന്ദ്രമേനോനുണ്ട്.
