ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ 'കാന്ത'യുടെ നിർമ്മാതാക്കൾ ചിത്രത്തിന്റെ റൺടൈം കുറച്ചു. തിയേറ്ററിൽ പ്രദർശനം ആരംഭിച്ച് ഒരു ആഴ്ച പിന്നിടുമ്പോഴാണ് റൺ ടൈം കുറച്ചത്.
വാർത്ത സ്ഥിരീകരിച്ചുകൊണ്ട്, ദുൽഖറിന്റെ പ്രൊഡക്ഷൻ ഹൗസായ 'വേഫെറർ ഫിലിംസ്' പറയുന്നത് ഇങ്ങനെ: "പീക്ക് സിനിമ ഇപ്പോൾ കൂടുതൽ മൂർച്ചയുള്ളതായി, തിയേറ്ററുകളിൽ പുതിയ ട്രിം ചെയ്ത കട്ട് അനുഭവിക്കൂ." എന്നാണ്. റൺടൈം കുറയ്ക്കാൻ നിരവധി പ്രേക്ഷകർ നിർമ്മാതാക്കളോട് നിർദ്ദേശിച്ചതിനെ തുടർന്നാണ് ഈ അപ്‌ഡേറ്റ് വന്നത്.
സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത 'കാന്ത'യിൽ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. അയ്യ (സമുദ്രക്കനി), ടി.കെ മഹാദേവൻ (ദുൽഖർ) എന്നിവർ തമ്മിലുള്ള ഈഗോയും അതിനെ ചുറ്റിപ്പറ്റിയുള്ള അനന്തര ഫലങ്ങളെയും ചുറ്റിപ്പറ്റിയാണ് ഈ സിനിമ. നവംബർ 14ന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്ന് മികച്ചതും സമ്മിശ്രവുമായ പ്രതികരണങ്ങൾ നേടിയിരുന്നു. ഇതിനകം രാജ്യത്തെമ്പാടുമായി 20 കോടിയിലധികം രൂപ കലക്ഷൻ നേടിയിട്ടുണ്ട്.
കാന്തയിൽ രവീന്ദ്ര വിജയ്, നിഴൽകൾ രവി, ഭഗവതി പെരുമാൾ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സ്പിരിറ്റ് മീഡിയ, വേഫെറർ ഫിലിംസ് എന്നിവയുടെ ബാനറിൽ റാണ ദഗ്ഗുബതി, ഡുജി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്. 2022 ലെ ഹേ സിനാമികയ്ക്ക് ശേഷം ദുൽഖറിൻ്റെ തമിഴ് സിനിമയിലേക്കുള്ള ശക്തമായ തിരിച്ചു വരവാണിത്.
തമിഴ് സിനിമയുടെ ആദ്യത്തെ സൂപ്പർസ്റ്റാറായി കണക്കാക്കപ്പെടുന്ന എം.കെ ത്യാഗരാജ ഭാഗവതരുടെ ഉയർച്ചയും തകർച്ചയും ചുറ്റിപ്പറ്റിയാണ് ചിത്രമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം, ത്യാഗരാജ ഭാഗവതരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചു എന്ന് ആരോപിച്ച് ചിത്രത്തിൻ്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ചെറുമകൻ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കാന്ത സിനിമ പൂർണമായും സാങ്കൽപ്പികമാണെന്നും യഥാർഥ ജീവിതത്തിലെ ഒരു വ്യക്തിയേയും അടിസ്ഥാനപ്പെടുത്തിയതല്ലെന്നും ഒരു അഭിമുഖത്തിൽ ദുൽഖർ വ്യക്തമാക്കിയിരുന്നു.
ചിത്രത്തിന്റെ സാങ്കേതിക സംഘത്തിൽ ഛായാഗ്രാഹകൻ ഡാനി സാഞ്ചസ് ലോപ്പസ്, എഡിറ്റർ ലെവെല്ലിൻ ആന്റണി ഗോൺസാൽവസ്, സംഗീത സംവിധായകൻ ജാനു ചന്തർ, കലാസംവിധായകൻ രാമലിംഗം എന്നിവരും ഉൾപ്പെടുന്നു.
