ദേശീയ സരസ് മേളയുടെ ഭാഗമായി ARTWIST അംഗങ്ങൾ പങ്കെടുത്ത ചിത്രകലാ ക്യാമ്പ് 'വർണ്ണ സരസ്' ഫുഡ് കോർട്ടിൽ സംഘടിപ്പിച്ചു.
തൃത്താലയിലെ ചിത്ര രചനക്കാരുടെ കൂട്ടായ്മയായ ARTWIST അംഗങ്ങൾ സരസ് മേളയെ കൂടുതൽ വർണ്ണാഭമാക്കാൻ ഒരുങ്ങിക്കഴിഞ്ഞു. തൃത്താലയിലെ 20 ഓളം കലാകാരന്മാരാണ് ചിത്രകലാ ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ വരച്ച മുഴുവൻ ചിത്രങ്ങളും സരസ് മേളയിൽ പ്രദർശിപ്പിക്കും.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ അനുരാധ എസ്, മുൻ എം.എൽ.എ മാരായ വി.കെ ചന്ദ്രൻ, ടി.പി കുഞ്ഞുണ്ണി, കുടുംബശ്രീ അംഗങ്ങൾ, മറ്റു രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലെയും രുചിവൈവിധ്യം വിളമ്പുന്ന 30ലധികം സ്റ്റാളുകൾ അടങ്ങുന്ന മെഗാ ഇന്ത്യൻ ഫുഡ്‌കോർട്ട്, പ്രശസ്‌തമായ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സംഗീത നൃത്തനിശകൾ, പ്രാദേശിക കലാകാരന്മാരുടേയും കലാകാരികളുടേയും കുടുംബശ്രീ അംഗങ്ങളുടെയും വൈവിധ്യമാർന്ന കലാവിഷ്‌ക്കാരങ്ങൾ തൃത്താല മണ്ഡലത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ആദരസന്ധ്യകൾ, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, പുഷ്‌പമേള, ഹാപ്പിനെസ് കോർണർ തുടങ്ങിയവയെല്ലാം മേളയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

