കുടുംബശ്രീ ദേശീയ സരസ് മേള : മിനി മാരത്തോൺ ആവേശമായി.

ഇന്ത്യയിലെ ഗ്രാമീണ സ്ത്രീ സംരംഭകരുടെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദേശീയ സരസ് മേളയുടെ മുന്നോടിയായി മിനി മാരത്തോൺ സംഘടിപ്പിച്ചു.

ജനുവരി 2 മുതൽ 11 വരെ തൃത്താല നിയോജക മണ്ഡലത്തിലെ ചാലിശ്ശേരിയിലാണ്  ദേശീയ സരസ് മേള. പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ കൂട്ടുപാത മുതൽ ചാലിശ്ശേരി വരെയാണ് മിനി മാരത്തോൺ സംഘടിപ്പിച്ചത്. "റൺ ഫോർ യൂണിറ്റി, ഡൈവേഴ്സിറ്റി ആൻഡ് ഫ്രറ്റേർണിറ്റി" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് മാരത്തോൺ സമാപിച്ചത്. ഷൊർണൂർ എം.എൽ.എ പി. മമ്മിക്കുട്ടി മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.  

ഒന്നാം സമ്മാനം അജിത് കെ കൊല്ലങ്കോട്, രണ്ടാം സമ്മാനം പ്രണവ് എസ് മേലാർക്കോട്, മൂന്നാം സമ്മാനം ഹരികൃഷ്ണൻ പി ചാലിശ്ശേരി എന്നിവർ കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ ഊഷ്മ എൻ.പി പെരിങ്ങോട് ഒന്നാം സ്ഥാനവും, ഡോ. രാധിക ശ്രീകുമാർ പെരിങ്ങോട് രണ്ടാം സ്ഥാനവും, തിലകം പി.ടി കോതച്ചിറ മൂന്നാം സ്ഥാനവും നേടി. മാരത്തോണിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വനിത എന്ന നേട്ടത്തിന് പെരിങ്ങോട് റണ്ണേഴ്സ് ക്ലബ്‌ അംഗമായ 68 വയസ്സുള്ള കോമളവല്ലി അർഹയായി.

ഒന്നാം സമ്മാനമായി 10,000 രൂപയും, രണ്ടാം സമ്മാനം 5000, മൂന്നാം സമ്മാനമായി 3000 രൂപയുമാണ് മാരത്തോൺ വിജയികൾക്ക് ലഭിക്കുക.  സരസ് മേളയിൽ വെച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ വിജയികൾക്ക് ക്യാഷ് പ്രൈസുകൾ നൽകും. സന്തോഷ് ട്രോഫി താരം മുഹമ്മദ് നിയാസ്, പാരാ ഫുട്ബാൾ 2025 ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് ലെനിൻ എന്നിവർ മാരത്തോണിൽ പങ്കെടുത്തു.

തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ആർ കുഞ്ഞുണ്ണി, എ.ഇ.ഒ കെ.പ്രസാദ്, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പി.ബി സുഭാഷ്, നവകേരള മിഷൻ കോർഡിനേറ്റർ പി. സൈതലവി, മറ്റു സബ് കമ്മിറ്റി ചെയർമാൻമാർ, വർക്കിംഗ്‌ കൺവീനർമാർ, ബ്ലോക്ക്‌ കോർഡിനേറ്റർമാർ, മറ്റു കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലെയും രുചിവൈവിധ്യം വിളമ്പുന്ന 30ലധികം സ്റ്റാളുകൾ അടങ്ങുന്ന മെഗാ ഇന്ത്യൻ ഫുഡ്‌കോർട്ട്, പ്രശസ്‌തമായ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സംഗീത നൃത്ത നിശകൾ, പ്രാദേശിക കലാകാരന്മാരുടേയും കലാകാരികളുടേയും കുടുംബശ്രീ അംഗങ്ങളുടെയും വൈവിധ്യമാർന്ന കലാവിഷ്‌ക്കാരങ്ങൾ തൃത്താല മണ്ഡലത്തിലെ പ്രഗത്ഭ  വ്യക്തിത്വങ്ങളെ ആദരിക്കുന്ന ആദര സന്ധ്യകൾ, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, പുഷ്‌പമേള, ഹാപ്പിനെസ് കോർണർ തുടങ്ങിയവയെല്ലാം മേളയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

250 പ്രദർശന വിപണന സ്റ്റാളുകളിൽ കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ  പ്രദർശനവും വില്പനയും നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം