വലിച്ചെറിയുന്ന ചിരട്ട പാഴ് വസ്തുവല്ല, കരവിരുതുണ്ടെങ്കിൽ അതിൽ നിന്നും മനോഹരമായ ശിൽപ്പങ്ങൾ വിരിയിക്കാമെന്ന് തെളിയിക്കുകയാണ് സരസ് മേളയിലെ 'കൃഷ്ണഞ്ജലി'.
കൊല്ലം മൈനാഗപ്പള്ളി സി.ഡി.എസിൽ നിന്നുള്ള സരളയുടെ കരവിരുതിൽ ഒരുങ്ങിയ ചിരട്ട ഉൽപ്പന്നങ്ങൾ മേളയിലെത്തുന്നവർക്ക് കൗതുക കാഴ്ചയാകുന്നു.
20 രൂപ വിലയുള്ള സ്പൂൺ മുതൽ 15,000 രൂപ വിലമതിക്കുന്ന നിലവിളക്ക് വരെ ഇവിടെയുണ്ട്. ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ മുതൽ അലങ്കാര വസ്തുക്കൾ വരെ ചിരട്ടയിൽ തീർത്തിരിക്കുകയാണ് സരള.
ഗണപതി, സരസ്വതി, സ്വാമി വിഗ്രഹങ്ങൾ എന്നിവയ്ക്ക് പുറമെ കോഴി, ശംഖ്, കിണർ, കട്ടുറുമ്പ്, തവള, ആമ, വാൽക്കണ്ണാടി, മീൻ, മുതല, മയിൽ തുടങ്ങിയ രൂപങ്ങളും ഇവിടെയുണ്ട്. വീട്ടുപകരണങ്ങളായ വൈൻ കപ്പ്, പുട്ടുകുറ്റി, മൊന്ത, കിണ്ടി, ജഗ്, കൊട്ട തുടങ്ങിയവയും ചിരട്ടയിൽ നിർമ്മിച്ചവയാണ്.
അഞ്ച് വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന സരളയുടെ ഏഴാമത്തെ സരസ് മേളയാണിത്. കൊല്ലം കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള മൈനാഗപ്പള്ളി സി.ഡി.എസ് വഴിയാണ് ഈ സംരംഭം പ്രവർത്തിക്കുന്നത്.
