സരസ് മേളയിലെ ഹിറ്റായി ലാമോസിൻ്റെ ചക്കക്കുരു ബിസ്ക്കറ്റ്

പാലക്കാട് ജില്ലക്കാർക്ക് സുപരിചിതമായ ലാമോസ് ബ്രാൻ്റിൻ്റെ ചക്കക്കുരു ബിസ്കറ്റ് ദേശീയ സരസ് മേളയിൽ വമ്പൻ ഹിറ്റായി മാറുകയാണ്.കുടുംബശ്രീ പ്രവർത്തകയും തൃത്താല സ്വദേശിനിയുമായ ലത മോഹൻ്റെ സംരംഭമാണ് മേളയെ കീഴടക്കുന്നത്. 80 രൂപയാണ് ചക്കക്കുരു ബിസ്ക്കറ്റിൻ്റെ വില. ഇതു മാത്രമല്ല ചക്കപ്പായസവും നിമിഷ നേരം കൊണ്ടാണ് കാലിയാകുന്നത്.

സരസ് മേളയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിക്കും വിശിഷ്ടാതിഥികൾക്കും നൽകിയ സ്നേഹ സമ്മാനവും ലത മോഹൻ്റെ ലാമോസ് വിഭവങ്ങളായിരുന്നു.

ചക്കയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളിച്ച് കടൽ കടന്നും പെരുമ നേടിയ ലാമോസ് ബ്രാൻ്റിൽ ചക്ക കേക്ക്, പുട്ട് പൊടി, ഹൽവ, ചപ്പാത്തിപ്പൊടി തുടങ്ങി വൈവിധ്യം നിറഞ്ഞ രുചിക്കൂട്ടുകളുടെ ഒരു കലവറയാണ്. സരസ് മേളയുടെ 110 -ാം നമ്പർ സ്റ്റാളിലെത്തുന്നവർ ഈ വിഭവങ്ങൾ വാങ്ങുന്ന തിരിക്കിലാണ്. 

"മേളയിൽ ഒരു ദിവസം മൂവായിരം രൂപയോളം വിറ്റുവരവുണ്ട്. ചക്കയുടെ എല്ലാ സാധ്യതകളും വിപണിയിൽ ഉപയോഗിക്കാൻ അവസരമുണ്ടാക്കി തന്നതും കുടുംബശ്രീയാണ്. അതിന് മണ്ഡലത്തിൻ്റെ എം.എൽ.എയും മന്ത്രിയുമായ എം.ബി രാജേഷ് നൽകിയ പ്രോത്സാഹനവും പിന്തുണയും വലുതാണ് " എന്ന് ലത മോഹൻ പറഞ്ഞു.

സംരംഭകരെ വാർത്തെടുക്കുന്നതോടൊപ്പം അവരുടെ വരുമാനം സ്ഥിരപ്പെടുത്തുകയും ജീവത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന കുടുംബശ്രീയുടെ മാതൃകാ പദ്ധതിയായി ലാമോസ് ഇന്ന് മാറി കഴിഞ്ഞു.

സരസ് മേളയിലും കുടുംബശ്രീയുടെ എല്ലാ ആഘോഷങ്ങളിലും ലാമോസ് താരമായി കഴിഞ്ഞു. അഞ്ഞൂറോളം ചക്കയാണ് ഒരു മാസത്തെ ചക്ക ഉല്പന്നങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. അമേരിക്കയിലും ഗൾഫിലും ലാമോസിന് ആവശ്യക്കാരേറെയാണ്.

2024 ൽ മേഴത്തൂരിലാണ് കുടുംബശ്രീയുടെ  എസ്.വി.ഇ.പി (സ്റ്റാർട്ടപ്പ് വില്ലേജ് എൻ്റർപ്രനർഷിപ്പ് പ്രോഗ്രാം) പദ്ധതിയിലൂടെ ലാമോസ് അഗ്രി പ്രൊഡക്ഷൻ യൂണിറ്റ് ആരംഭിച്ചത്. ചക്ക വിദേശത്തും പ്രിയമായതോടെ ഓൺലൈൻ വഴിയും വിപണനം തുടങ്ങി. തൃത്താലയിൽ കൃഷി വകുപ്പിന്റെ സമൃദ്ധി ഷോപ്പിലൂടെയും വിപണനം നടത്തുന്നുണ്ട്.

ഫോട്ടോ അടിക്കുറിപ്പ്: സംരംഭക ലത മോഹൻ ഉല്പന്നങ്ങളുമായി സരസ് മേളയിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം