മദീനയിൽ വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരിച്ചു

മദീനക്ക് സമീപം ഉത്തൈമയിലുണ്ടായ വാഹനാപകടത്തിൽ  മലയാളി കുടുംബത്തിലെ നാല് പേർ മരിച്ചു. മലപ്പുറം മങ്കട സ്വദേശികളും തിരൂർക്കാട് തോണിക്കരയിൽ താമസക്കാരുമായ നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന (40), മകൻ ആദിൽ (14), ജലീലിൻ്റെ മാതാവ് മൈമൂനത്ത് (73) എന്നിവർ മരിച്ചത്.

ഉംറയും മദീനയിലെ സിയാറത്തും കഴിഞ്ഞ് ജിദ്ദയിലേക്ക് തിരിച്ചു പോകുന്ന വഴി ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിൽ ഇടിച്ചാണ് മരണം.

ജലീലിൻ്റെ മക്കളായ നൂറ (7), ആയിഷ (15), ഫാത്തിമ ഹാദിയ (9) എന്നിവർ സാരമായ പരിക്കുകളോടെ മദീനയിലെ കിങ് ഫഹദ്, സൗദി ജർമൻ ആശുപത്രികളിൽ ചികിത്സയിലാണ്. 

ശനിയാഴ്ച‌ വൈകീട്ട് ജിദ്ദ- മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്തായിരുന്നു അപകടം. ഖബറടക്കം മദീനയിൽ തന്നെ നടത്താനാണ് തീരുമാനം. ജലീലിൻ്റെ മക്കളായ ഹന, അദ്നാൻ, അൽ അമീൻ, ജലീലിൻ്റെ സഹോദരിമാരായ മുനീറ, സൈറാബാനു, സഹോദരി ഭർത്താവ് റഷീദ്, സഹോദരിയുടെ മകൻ ഹാരിസ് അഹമ്മദ് എന്നിവർ മദീനയിലേക്ക് തിരിച്ചിട്ടുണ്ട്.

വെള്ളില യു.കെ പടി സ്വദേശിയായ ജലീൽ 10 വർഷം മുമ്പാണ് തിരൂർക്കാട് തോണിക്കരയിൽ വീട് വാങ്ങി താമസം തുടങ്ങിയത്. 25 വർഷമായി പ്രവാസിയായ ജലീലിൻ്റെ 

കുടുംബവും വിദേശത്ത് തന്നെയായിരുന്നു. മക്കൾ അവിടെയാണ് പഠിച്ചത്. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് പഠനാവശ്യാർഥം ഹന, അദ്നാൻ, അൽ അമീൻ എന്നീ മക്കൾ നാട്ടിലേക്ക് മടങ്ങിയത്. സിദ്ദീഖിന്റെ മാതാവ് മൈമുനത്തിന്റെ കൂടെ തിരൂർക്കാട്ടിലുള്ള വീട്ടിലായിരുന്നു ഇവർ താമസം. 

കഴിഞ്ഞ നവംബർ 17ന് ജലീലും കുടുംബവും നാട്ടിൽ വന്ന് തിരിച്ചു പോയപ്പോഴാണ്  വിസിറ്റിങ് വിസയിൽ ഉമ്മയെ കൊണ്ടുപോയത്. ഒന്നരമാസം കഴിഞ്ഞാൽ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. പരേതനായ ഇസ്‌മാഈലാണ് ജലീലിൻ്റെ പിതാവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം