തൃത്താല മേഖലയിൽ വൻ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തുന്ന തരത്തിൽ അനധികൃത മണ്ണ് ഖനനം വ്യാപകമാവുന്നതായി പരാതി ഉയർന്നു. ഇതിനെ തുടർന്ന് തൃത്താല പൊലീസ് അനധികൃത മണ്ണെടുപ്പിനിടെ 5 ടിപ്പർ ലോറികളും 3 ജെ.സി.ബികളും പിടികൂടി.
തൃത്താല പോലീസ് പരിധിയിൽ നിരവധി ഇടങ്ങളിൽ കുന്നിടിക്കലും അനധികൃത മണ്ണ് ഖനനവും വ്യാപകമാണ്. ഇതിനെതിരെ നാട്ടുകാരുടെ പരാതികളും ശക്തമാണ്. ഭൂമി പരിവർത്തനത്തിനെതിരെ തൃത്താല പോലീസ് ശക്തമായി രംഗത്തുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇത്തരം സംഭവങ്ങളിൽ ശക്തമായ പരിശോധനകളും നടപടികളും സ്വീകരിക്കേണ്ട ജിയോളജി വകുപ്പ്, വില്ലേജ്, പഞ്ചായത്ത് അധികൃതരുടെ നിഷ്ക്രിയത്വം പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
തൃത്താല പോലീസ് പിടികൂടിയ ലോറികളും ജെ.സി.ബികളും ജിയോളജി വകുപ്പിന് കൈമാറി. തൃത്താല സി.ഐ പ്രതാപ്, എസ്.ഐ ജഫിൻ രാജു, മറ്റ് പോലീസ് ഉദ്യോഗസ്ഥരായ ശരത് ശങ്കർ, ജയരാജ്, അരുൺ എന്നിവരുൾപ്പെട്ട സംഘമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. അനധികൃത മണ്ണ് ഖനനത്തിനെതിരെ വരും ദിവസങ്ങളിലും നടപടികൾ ശക്തമായി തുടരുമെന്ന് തൃത്താല പോലീസ് അറിയിച്ചു.
Summary:
A complaint was raised that illegal soil mining is becoming widespread in the Trithala region, causing major environmental problems. Following this, the Trithala police seized 5 tipper lorries and 3 JCBs during illegal soil mining.
