മാതൃകാപരമായ സുസ്ഥിര തൃത്താല പദ്ധതി മണ്ഡലത്തിൽ ആവിഷ്കരിച്ച മന്ത്രി എം.ബി രാജേഷിനെ അഭിനന്ദിച്ച് ജാർഖണ്ഡ് ടീം. പദ്ധതി മുഖേന മണ്ഡലത്തിലെ ഭൂഗർഭ ജല വിതാനത്തിൽ വരുത്തിയ വർദ്ധനവ് മാതൃകാപരമാണെന്നും സംഘം വിലയിരുത്തി. സുസ്ഥിര വികസനത്തിൽ മാതൃക തീർത്ത പദ്ധതി ജാർഖണ്ഡിൽ പ്രാവർത്തികമാക്കുന്നതിന് പദ്ധതി നടത്തിപ്പിനെക്കുറിച്ചും വകുപ്പ് സംയോജനം സംബന്ധിച്ചും സംഘം മന്ത്രിയുമായി ആശയ വിനിമയം നടത്തി.
ജല സംരക്ഷണം, കാർഷിക മുന്നേറ്റം തുടങ്ങി സമഗ്ര മേഖലയിലും പദ്ധതി മുഖേന വികസനം സാധ്യമാക്കാൻ കഴിഞ്ഞതായി മന്ത്രി അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വം, പൊതുജന പങ്കാളിത്തം, എന്നിവ നേരിട്ട് മനസ്സിലാക്കി. സുസ്ഥിര തൃത്താല പദ്ധതിയുടെ പ്രത്യേകതകളായ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സംയോജനം കില ഡയറക്ടർ ജനറൽ നിസാമുദ്ദീൻ വിശദീകരിച്ചു.
ജാർഖണ്ഡിലെ 13 ജില്ലകളിലെ ഡെപ്യൂട്ടി ഡവലപ്പ്മെൻ്റ് കമ്മീഷ്ണർമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ഉൾപ്പെടെയുള്ള മുപ്പതംഗ സംഘമാണ് സുസ്ഥിര തൃത്താല പദ്ധതി സന്ദർശനത്തിനായി തൃത്താല മണ്ഡലത്തിലെത്തിയത്. കിലയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
തൃത്താലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു. ഇതിനകം രാജ്യ ശ്രദ്ധ നേടിയ പദ്ധതിയാണ് സുസ്ഥിര തൃത്താല.
ഭാരതപ്പുഴയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ, മണ്ണ്- ജലസംരക്ഷണ പ്രവർത്തനങ്ങൾ, ജലസ്രോതസ്സുകളുടെ സംരക്ഷണം, കാർഷികോൽപ്പാദന വർധന, തരിശുരഹിത പ്രവർത്തനങ്ങൾ, ശാസ്ത്രീയ മാലിന്യ സംസ്‌കരണം എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്.
ജാർഖണ്ഡിൽ നിന്നുള്ള സംഘം ഈ നാട്ടിൻപുറത്തെത്തിയതും അതുകാണാനാണ്. ഭൂജല സംരക്ഷണമാണ് പദ്ധതിയിൽ പ്രധാനം. 30 കൃത്രിമ ഭൂജല സംപോഷണ പദ്ധതികളാണ് നടപ്പാക്കിയത്.
മണ്ഡലത്തിലെ 66 കുളങ്ങൾക്ക് പുതുജീവനേകി. ജലവിഭവ വകുപ്പ് എട്ട് പഞ്ചായത്തുകളിലായി 11 ലിഫ്റ്റ് ഇറിഗേഷൻ സ്കീമുകൾ നവീകരിച്ചു. 1410 ഹെക്ടർ കൃഷിയിടത്തിൽ ജലസേചനം സാധ്യമാക്കി. 110 കാർഷിക കുളങ്ങൾ മഴവെള്ള സംഭരണത്തിലൂടെ ജലസമൃദ്ധമാക്കി. ഇതിലൂടെ കുളങ്ങൾക്ക്സ മീപത്തുള്ള കിണറുകളും നിറഞ്ഞു. താൽക്കാലിക തടയണകൾ നിർമ്മിച്ച് വെള്ളത്തിന്റെ ഒഴുക്ക്വ ർധിച്ചതോടെ വറ്റാത്ത തോടുകളുണ്ടായി. ഉൾനാടൻ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കാൻ 84 കുളങ്ങളിലേക്ക് മത്സ്യബന്ധനം വ്യാപിപ്പിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 600 കിണറുകൾ റീചാർജ് ചെയ്തു. 436 പുതിയ കിണറുകൾ നിർമിച്ചു. 6,017 മഴക്കുഴികളും നിർമിച്ചു. 110 കാർഷികകുളങ്ങൾ, 100 നീർച്ചാലുകൾ, 20 പച്ചത്തുരുത്ത് എന്നിങ്ങനെ പദ്ധതികളിലൂടെ പച്ചയണിയിച്ചു. ഭൂഗർഭജല സംരക്ഷണത്തിന് 135 വാർഡുകളിലായി ഒരു ലക്ഷം തെങ്ങിൻ തൈകളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ നട്ടുപിടിപ്പിച്ചത്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനൊപ്പം തൃത്താലയുടെ കാർഷിക മേഖലയിലും പുത്തനുണർവുണ്ടായി. 49.01 ലക്ഷം രൂപയാണ് പദ്ധതികൾക്കായി വിനിയോഗിച്ചത്.
പദ്ധതി പ്രദേശങ്ങളായ പാപ്പിക്കുളം, മങ്ങാട്ടുകുളം,വിവിധ കൃഷിയിടങ്ങൾ, കിണർ റീചാർജ്ജിങ്ങ് പ്രവർത്തനങ്ങൾ എന്നിവ സംഘം സന്ദർശിച്ചു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഡോ. ടി.വി നിഷ, കെ.പി വിബിലേഷ്, സുസ്ഥിര തൃത്താല പദ്ധതി കോർഡിനേറ്റർ പി സെയ്തലവി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ഇവർക്കൊപ്പം സ്ഥല സന്ദർശനത്തിൽ പങ്കെടുത്തു.
Summary:
The Jharkhand team congratulated Minister M.B. Rajesh for launching the exemplary sustainable Trithala project in the constituency. The team also assessed that the increase in the groundwater table in the constituency through the project is exemplary. The team exchanged views with the Minister on the implementation of the project and departmental integration to implement the exemplary project in sustainable development in Jharkhand.

