മുണ്ടക്കൈ- ചുരൽമല ഗ്രാമം കൽപ്പറ്റ നഗരത്തിൽ ഉയിർത്തെഴുന്നേൽക്കുന്നു. ആ മഹാസുദിനം നാളെയാണ്. അതിജീവന ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മാർച്ച് ഒന്നിന് ഞായറാഴ്‌ച നടക്കും.
വീടും സ്ഥലവും പൂർണമായി നഷ്‌ടമായ 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോലും സ്ഥലത്തിന്റെ പട്ടയവും ഞായർ പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും. മന്ത്രി കെ രാജൻ അധ്യക്ഷനാകും. പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ ശേഷിയുള്ള 1000 ചതുരശ്ര അടി വീടും ഏഴു സെൻ്റുമാണ് ഓരോ കുടുംബത്തിനും.
2024 ജൂലൈ 29ന് രാത്രിയാണ് വയനാട് മേപ്പാടിയിൽ പുഞ്ചിരിമട്ടം പൊട്ടിയൊഴുകി മുണ്ടക്കൈയും ചൂരൽമലയും ഇല്ലാതായത്. ദുരന്തത്തിൽ 298 പേർ മരിച്ചു. ദുരന്തബാധിതരെ ഒരുമിച്ച് പുനരധിവസിപ്പിക്കുമെന്ന സർക്കാർ വാഗദാനമാണ് ഇപ്പോൾ യഥാർഥ്യമാകുന്നത്.
2025 മാർച്ച് 27നാണ് ടൗൺഷിപ്പിന് മുഖ്യമന്ത്രി തറക്കല്ലിട്ടത്. ഏപ്രിൽ 16നാണ് നിർമ്മാണം തുടങ്ങിയത്. പണി പൂർത്തിയാക്കി
320-ാം ദിവസമാണ് വീട് കൈമാറുന്നത്. രണ്ടായിരത്തിലധികം തൊഴിലാളികൾ രാപ്പകൽ ജോലിയെടുത്താണ് ഒന്നാംഘട്ടം പൂർത്തിയാക്കിയത്.
ചുറ്റുമതിൽ, ഗേറ്റ്, 11.42 കിലോമീറ്റർ റോഡ്, ഭൂഗർഭ വൈദ്യുത വിതരണ ശൃംഖല, ഒമ്പതര ലക്ഷം ലിറ്ററിന്റെ കുടിവെള്ള സംഭരണി, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ എന്നിവയും സജ്ജമാകുന്നു.
സർക്കാർ ഏറ്റെടുത്ത 64.47 ഹെക്ടറിൽ 410 വീടുകളാണ് നിർമിക്കുന്നത്. 304 വീടിന്റെ വാർപ്പ് പൂർത്തിയായി. ഏപ്രിലോടെ മുഴുവൻ വീടുകളും കൈമാറും. ആരോഗ്യകേന്ദ്രം, അങ്കണവാടി, കമ്മ്യൂണിറ്റി സെൻ്റർ, പൊതുമാർക്കറ്റ്, ഉരുൾ സ്‌മാരകം, ഓപ്പൺ തിയറ്റർ, ഫുട്ബോൾ ഗ്രൗണ്ട് എന്നിവയും നിർമ്മിക്കും.
പുനരധിവാസത്തിൻ്റെ ലോകമാതൃകയായ പദ്ധതിയുടെ ഉദ്ഘാടനത്തിന് അതിജീവിതരും നാടും ആകംക്ഷയോടെ കാത്തിരിക്കുകയാണ്. ഉദ്ഘാടനത്തിനുള്ള ഒരുക്കം പൂർത്തിയായിട്ടുണ്ട്.

