ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന് വിദ്യാർഥികളെ പ്രാപ്തരാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

മാലിന്യ സംസ്കരണം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിൽ വിദ്യാർഥികളെ പ്രാപ്തരാക്കുമെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന വിദ്യാർഥി ഹരിതസേന സ്കോളർഷിപ്പ് ഇക്കോ സെൻസ് സംസ്ഥാനതല സ്കോളർഷിപ്പ് വിതരണോദ്ഘാടനവും ശുചിത്വ പഠനോത്സവവും ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

പാഠപുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന അറിവുകൾക്ക് പുറമേ മാലിന്യ നിർമാർജനത്തിലും ഹരിത ചട്ടത്തിലും പ്രായോഗികമായ അറിവുകൾ കുട്ടികൾ നേടണ്ടത് അനിവാര്യമാണെന്നും പുതു തലമുറ പരിസ്ഥിതി ബോധമുള്ളവരായി വളരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാർഥികൾക്ക് ശുചിത്വ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്ന്  പരിപാടിയിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ- എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മാലിന്യ സംസ്കരണ രംഗത്ത് ജനങ്ങളുടെ മനോഭാവം ഇനിയും മാറേണ്ടതുണ്ട്. ഈ മാറ്റത്തിന് വഴിയൊരുക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.

45830 വിദ്യാർത്ഥികളെയാണ് ഈ വർഷം ഇതുവരെ ഇക്കോ സെൻസ് സ്കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. ഗ്രാമപഞ്ചായത്തുകളിൽ നിന്ന് 50 പേർക്കും, മുൻസിപ്പാലിറ്റികളിൽ നിന്ന് 75 പേർക്കും, കോർപ്പറേഷനുകളിൽ നിന്ന് 100 പേർക്കുമാണ് സ്കോളർഷിപ്പ് നൽകുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഓരോ വിദ്യാർഥിക്കും 1500 രൂപയും പ്രശസ്തി പത്രവുമാണ് നൽകുന്നത്.

വിദ്യാർഥികളിൽ ശാസ്ത്രീയമായ പാഴ് വസ്തു പരിപാലന ശീലം വളർത്തുക, ഹരിത നൈപുണികൾ വികസിപ്പിക്കുക, പ്രാദേശികമായ മാലിന്യ പ്രശ്നങ്ങൾക്ക് നൂതന പരിഹാരങ്ങൾ കണ്ടെത്തുക എന്നിവയാണ് സ്കോളർഷിപ്പിലൂടെ ലക്ഷ്യമിടുന്നത്.  

പാലക്കാട് തൃത്താല ഗാമിയോ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.വി അനുപമ സ്വാഗതവും പാലക്കാട് ജില്ലാ ജോ.ഡയറക്ടർ കെ ഗോപിനാഥൻ നന്ദിയും പറഞ്ഞു.

വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഡോ. ടി.വി നിഷ, ജയന്തി വിജയകുമാർ, കെ ശശിരേഖ, നസീമ നാസർ, റംല വീരാൻകുട്ടി, കെ പി വിബിലേഷ്, സംസ്ഥാന ശുചിത്വ മിഷൻ ഡയറക്ടർ (ഓപ്പറേഷൻസ്) എസ് ജഹാംഗീർ, ഒറ്റപ്പാലം ഡി.ഇ.ഒ  സിജു തോമസ്, തൃത്താല എ.ഇ.ഒ കെ പ്രസാദ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം