വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതര്‍ പുതുജീവിതത്തിലേക്ക്. ടൗൺഷിപ്പിൽ 178 കുടുംബങ്ങൾക്ക് വീടുകൾ കൈമാറി.

മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിര്‍മ്മാണം പൂര്‍ത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു.  ഉരുള്‍പൊട്ടൽ ദുരന്ത ബാധിതരായ എല്ലാവര്‍ക്കും അടുത്ത മഴയ്ക്ക് മുമ്പ് വീട് കൈമാറുമെന്ന് മുഖ്യമന്ത്രി  പറഞ്ഞു. 

സമൂഹത്തിലെ നിരവധി ആളുകൾ ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മ്മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഉദ്ഘാടന പ്രസംഗത്തിനുശേഷം ദുരന്തബാധിതർക്ക് മുഖ്യമന്ത്രി പട്ടയം വിതരണം ചെയ്തു. ദുരന്തത്തിന് ഇരയായി ഗുരുതര പരിക്കേറ്റ അവ്യക്തിനാണ് ആദ്യം പട്ടയം കൈമാറിയത്. കല്‍പ്പറ്റ ജനറൽ ആശുപത്രിയുടെ അനെക്സ് ബ്ലോക്കിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു.

നല്ല പിന്തുണയാണ് പുനരധിവാസ പ്രവർത്തനങ്ങൾക്ക് ലഭിച്ചത്. സന്തോഷ ദിവസമാണെങ്കിലും വിട്ടു പിരിഞ്ഞവരുടെ ഓർമകൾ കൂടി ഉയർന്നുവരുകയാണ്. പല നഷ്ടങ്ങൾക്കും ഈ വീടുകള്‍ പകരമാവാൻ കഴിയില്ല. എന്നാൽ സാമീപ്യം കൊണ്ട് നഷ്ടത്തിൽ നിന്ന് ആളുകളെ പുറത്തുകൊണ്ടു വരാം. പാരസ്പര്യത്തിന്‍റെ കേരള മാതൃക എല്ലാവരും കണ്ടു. എന്നാൽ, ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിച്ചു. ചില്ലിക്കാശ് പുനരധിവാസത്തിന് നൽകരുത് എന്ന് ചിലർ പറഞ്ഞു. 

മാധ്യമങ്ങൾ പോലും വ്യാജം ചമച്ച് പുനരധിവാസത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു. പുനരധിവാസത്തെ വൈരാഗ്യ ബുദ്ധിയോടെ ചിലർ കണ്ടു. ലോകത്ത് കാണുന്ന യുദ്ധ നീതി പോലും കാണിച്ചില്ല. ഇതര സംസ്ഥാനങ്ങളും പുനരധിവാസത്തിന് സഹായം നൽകി. കർണാടക, ആന്ധ്ര സർക്കാരുകള്‍ 10 കോടി വീതം നൽകി. രാജസ്ഥാൻ അഞ്ചു കോടി നൽകി. കേന്ദ്രസർക്കാർ കടം എഴുതി തള്ളാൻ തയ്യാറായില്ല. ആ കടം കേരളം ഏറ്റെടുത്തു. 

കടം ഏറ്റെടുക്കാൻ പല തവണ സംസ്ഥാന സർക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. വയനാട് ടൗണ്‍ഷിപ്പിന്‍റെ നിർമ്മാണ പ്രവർത്തനം ഏറ്റെടുത്ത ഊരാളുങ്കലിനെ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൽപ്പറ്റയിലെ സർക്കാർ സ്കൂൾ ടൗൺഷിപ്പിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ വീടിനും ഫർണിച്ചർ കൂടി നൽകുന്നത് പരിഗണിക്കുന്നുണ്ട്.

നാട് കണ്ട ഏറ്റവും വലിയ ദുരന്തമാണ് മുണ്ടക്കെ ചൂരൽമലയിൽ നടന്നത്. ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്‌ടപ്പെട്ട് പെരുവഴിയിലായവരായിരുന്നു  മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായത്. കേരളം അതിനോടെല്ലാം പൊരുതി നിന്നു. അവരെ വഴിയാധാരമാക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. അതിനായി കഴിയാവുന്ന സഹായങ്ങളെല്ലാം കേരളം തേടി. എന്നാൽ ദുരന്തം നടന്നത് കേരളത്തിലാണെന്ന ഒറ്റക്കാരണം കൊണ്ട് കേന്ദ്രം കേരളത്തെ അവഗണിക്കുകയായിരുന്നു.

എല്ലാം നഷ്‌ടപ്പെട്ടവരെ സഹായിക്കാൻ കൂടെയുണ്ടാകണമെന്ന് പലയാവർത്തി മുഖ്യമന്ത്രിയുൾപ്പെടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാൽ സഹായം നൽകിയില്ലെന്ന് മാത്രമല്ല. കിട്ടാവുന്ന സഹായങ്ങളെ മുടക്കുകയും ചെയ്‌തു. കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 2222.1 കോടി രൂപയാണ്. എന്നാൽ കേന്ദ്രം നൽകിയത് കേവലം 260.56 കോടി രൂപ മാത്രമാണ്. തുക ചെലവഴിക്കുന്നതിൽ മാനദണ്ഡം വച്ചുകൊണ്ട് കേരളത്തെ വരിഞ്ഞ് മുറുക്കി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് സഹായങ്ങൾ വാരിക്കോരി കൊടുക്കാൻ കേന്ദ്രത്തിന് ഒരു മടിയും ഉണ്ടായില്ല.

ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടും ദുരന്ത ബാധിതരുടെ കടബാധ്യതകൾ എഴുതിത്തള്ളാൻ കേന്ദ്രം തയ്യാറായില്ല. എന്നാൽ ദുരന്ത ബാധിതരുടെ മുഴുവൻ കടവും കേരളത്തിലെ ഇടത് സർക്കാർ ഏറ്റെടുത്തു. 555 പേരുടെ 1620 കോടിയുടെ വായ്പകളാണ് സർക്കാർ ഏറ്റെടുത്തത്. നരേന്ദ്ര മോദി കേരളത്തിൽ വന്ന് ഷോ കാണിച്ച് പോയതല്ലാതെ മറ്റൊന്നും ചെയ്തതുമില്ല. 


വയനാടിൻ്റെ ഇപ്പോഴത്തെ എം.പിയോ മുൻ എം.പിയോ അങ്ങനെയാരും വയനാടിന് വേണ്ടി ഒന്ന് കൈകോർത്ത് പിടിക്കാൻ തയ്യാറായിരുന്നില്ല. അവിടെ നിന്നും നിശ്ചയ ദാർഢ്യത്തിൽ കേരള സർക്കാരും ഈ നാട്ടിലെ നല്ലവരായ ജനങ്ങളും ചേർന്നാണ് ആ നാടിനേയും നാട്ടുകാരേയും ചേർത്ത് പിടിച്ച് മുന്നോട്ട് നീങ്ങിയത്.

മന്ത്രി കെ.രാജൻ അധ്യക്ഷത വഹിച്ചു. വൻജനാവലി ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. 178 കുടുംബങ്ങൾക്കും ഡി.വൈ.എഫ്.ഐ സ്മാർട് ടി.വി നൽകി. ഇതിൻ്റെ വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം