ബൈക്ക് മോഷണ കേസിൽ അറസ്റ്റ് ചെയ്‌ത പ്രതി ജിനുവിനെ ക്രൂരമായി മർദ്ദിച്ചതിനാണ് ഗ്രേഡ് എസ്.ഐ ശ്രീകുമാർ, പൊലീസുകാരായ സുനിൽ, സിജു കുമാർ, ഗിരീഷ് എന്നിവരെ സസ്പെൻ്റ് ചെയ്തത്.
കൊച്ചിയിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചപ്പോഴാണ് മർദ്ദിച്ചത്. ബാറിനു മുന്നിൽ വെച്ച ബൈക്ക് മോഷണം പോയ കേസിലാണ് കോട്ടയം സ്വദേശിയായ ജിനു, ഉണ്ണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
സി.സി. ടി.വി ദൃശ്യങ്ങളിൽ നിന്നാണ് സ്ഥിരം ബൈക്ക് മോഷ്ടാക്കളായ ഇവരെ പിടികൂടിയത്. കൊച്ചിയിലെ ഡാൻസഫ് സംഘം ജിനുവിനെ സെൻട്രൽ പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് ഫോർട്ട് പൊലീസ് സ്റ്റേഷനിലുള്ള നാല് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തേക്ക് കൊണ്ടു വരുന്നതിനിടയിൽ വാഹനത്തിൽ വെച്ച് ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി.
അറസ്റ്റിലായ പ്രതി ജിനുവിനെ മർദ്ദിച്ചുവെന്ന് ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സി.സി.ടി.വി പരിശോധനയിലാണ് സെല്ലിലെ മർദ്ദനം പുറത്തുവന്നത്.
പൊലീസിന്റെ മർദ്ദനത്തിൽ പരിക്കേറ്റ ജിനുവിന്റെ വൃക്കകളുടെ പ്രവർത്തനം തകരാറിലായി. കഴിഞ്ഞ ദിവസം കൈക്ക് അടിയന്തര ശസ്ത്രക്രിയ ചെയ്ത് ഇയാൾ തീവ്ര പരിചരണ വിഭാഗത്തിലാണ്. കൂട്ടു പ്രതിയായ ഉണ്ണി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കൊച്ചിയിൽ പിടികൂടിയ പ്രതിയെ തിരുവനന്തപുരത്ത് വച്ച് അറസ്റ്റ് ചെയ്തതായി കാണിച്ചതിന് ഫോർട്ട് പൊലീസിലെ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല അന്വേഷണത്തിനും സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിട്ടു.
