തെക്കുകിഴക്കൻ ഡൽഹിയിലെ സരിത വിഹാർ പ്രദേശത്താണ് ദാരുണ സംഭവം. കൊല്ലപ്പെട്ട യുവതി (36)യുടെ അയൽവാസിയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിൻ്റെ നിഗമനം. തൻ്റെ ഇംഗിതങ്ങൾക്ക് വഴങ്ങാത്തതിലുള്ള വൈരമാണ് കൊലക്ക് കാരണമെന്ന് പറയപ്പെടുന്നുണ്ട്. ഒളിവിൽ പോയ പ്രതിക്കായി പോലിസ് തിരച്ചിൽ ആരംഭിച്ചു.
വെള്ളിയാഴ്‌ച രാത്രി പത്തരയോടെയാണ് ആലി വിഹാറിലെ ഒരു വീട്ടിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. പരിശോധനയിൽ വീട്ടിലെ ഒരു കിടക്കയുടെ പെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
പ്രാഥമിക വൈദ്യപരിശോധനയിൽ പരിക്കുകളൊന്നും കണ്ടെത്തിയിരുന്നില്ല. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. യുവതിയും മകളും താമസിച്ച അതേ കെട്ടിടത്തിൽ താമസിക്കുന്ന അക്കൗണ്ട് ആയ ദീൻദയാൽ (35) ആണ് കേസിലെ പ്രധാന പ്രതിയെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ബി.എൻ.എസ് സെക്ഷൻ 103 (1) പ്രകാരം കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഭർത്താവും ഭാര്യയും മൂന്നുകുട്ടികളുമാണ് ഇവിടെ താമസിച്ചിരുന്നതെന്ന് മറ്റു താമസക്കാർ പറഞ്ഞു. ഇവരുടെ ബന്ധുവാണ് പ്രതി. സംഭവ സമയത്ത് യുവതിയുടെ മറ്റ് രണ്ട് കുട്ടികൾ സ്കൂളിൽ പോയിരിക്കുകയായിരുന്നു. ഓഖ്ലയിൽ പ്രിൻ്റിങ്ങ് പ്രസ്സിൽ ജോലി ചെയ്യുന്ന ഭർത്താവ് രാത്രിയിൽ വീട്ടിൽ തിരിച്ചെത്തിയപ്പോൾ രണ്ട് കുട്ടികൾ പുറത്ത് ഇരിക്കുന്നതാണ് കണ്ടത്.
വാതിൽ അടച്ചിട്ടിരിക്കുകണെന്നും വിളിച്ചിട്ട് തുറക്കുന്നില്ലെന്നും കുട്ടികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഭർത്താവും അയൽവാസികളും ചേർന്ന് വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി. വീട്ടുപകരണങ്ങൾ ചിതറിക്കിടക്കുന്നതു കണ്ട് സംശയം തോന്നി എല്ലായിടത്തും പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് അയൽക്കാർ പറഞ്ഞു.
കേസ് അന്വേഷിക്കുന്നതിനായി ഒന്നിലധികം ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും ക്രൈം ആൻഡ് ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്.എസ്.എൽ) സംഘങ്ങൾ സംഭവസ്ഥലം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചതായും പൊലീസ് പറഞ്ഞു.
