വികസന കാര്യത്തിൽ കേരളത്തെ സ്മാർട്ടാക്കാൻ സർക്കാരിന് കഴിഞ്ഞു: മന്ത്രി എം.ബി. രാജേഷ്

വികസന കാര്യത്തിൽ കേരളത്തെ സ്മാർട്ടാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന പുതിയ വികസന സംസ്കാരമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. 

തൃത്താല എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിട നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യസമയത്ത് പദ്ധതികൾ പൂർത്തിയാക്കി നാടിനെ ആധുനികവത്കരിക്കാൻ സർക്കാരിന് സാധിച്ചതായും മന്ത്രി കൂട്ടിചേർത്തു.

മയക്കുമരുന്ന് മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന കേരളത്തെ അപകീർത്തിപ്പെടുത്താൻ ചില കേന്ദ്രങ്ങൾ വ്യാജ പ്രചരണം നടത്തുന്നുണ്ട്. ഇത്തരം വ്യാജ പ്രചരണങ്ങൾക്കിടയിലും എക്സൈസ് വകുപ്പ് നടത്തുന്ന മികവുറ്റ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. 

എക്സൈസ് വകുപ്പിന് കൂടുതൽ കരുത്തോടെയും കാര്യക്ഷമമായും പ്രവർത്തിക്കാൻ വേണ്ടി സർക്കാർ സേനയെ ആധുനികവത്കരിച്ചു. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 2900 പുതിയ നിയമനങ്ങളാണ് വകുപ്പിൽ നടത്തിയതെന്നും മന്ത്രി പറഞ്ഞു.

എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം സൗജന്യമായി നൽകിയ മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിയെയും അമ്മ ശ്രീദേവി അന്തർജനത്തെയും മന്ത്രി ആദരിച്ചു. 20 സെൻ്റ് സ്ഥലം കൂടി സൗജന്യമായി കെട്ടിട നിർമ്മാണത്തിന് നൽകുന്നതായി ബ്രഹ്മദത്തൻ നമ്പൂതിരി അറിയിച്ചു.

പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി അധ്യക്ഷനായി. എൻഫോഴ്സ്മെൻ്റ് അഡിഷ്ണൽ എക്സൈസ് കമ്മീഷണർ എസ് ദേവ മനോഹർ, ജോ. എക്സൈസ് കമ്മീഷണർ എസ് കൃഷ്ണകുമാർ, ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി കെ സതീഷ്, കെ എസ് ഇ ഒ എ സംസ്ഥാന ട്രഷറർ കെ ആർ അജിത്ത്, കെ എസ് ഇ എസ് എ ജില്ലാ സെക്രട്ടറി വി പി മഹേഷ്, വാർഡ് മെമ്പർമാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം