കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോർജ് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിൽ. കഴുത്തിനും കൈയ്ക്കും പരിക്കു പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എക്സറേ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ കാര്യങ്ങൾ ആശുപത്രി അധികൃതര്‍ അറിയിക്കുമെന്നും സി.പി.എം നേതാക്കൾ പറഞ്ഞു.
കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയതായിരുന്നു മന്ത്രി. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ പാഞ്ഞടുത്തത്. പോലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി മന്ത്രിയെ കണ്ട് വിവരങ്ങൾ ആരാഞ്ഞു. മുഖ്യമന്ത്രി എത്തിയിട്ട് പോലും തല ഉയര്‍ത്തി നോക്കാൻ പറ്റാത്ത അവസ്ഥയിലാണ് മന്ത്രിയെന്ന് നേതാക്കൾ പറഞ്ഞു.
കണ്ണൂരിൽ വിവിധ പരിപാടികൾക്കായാണ് മന്ത്രിയെത്തിയത്. ഈ പരിപാടികളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിവിധ ഇടങ്ങളിൽ വെച്ച് പ്രതിഷേധമുയർന്നിരുന്നു. ആദ്യം കല്യാടുള്ള ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായെത്തി.
ഇതിന് ശേഷം പെരിങ്ങോത്ത് വെച്ചും മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. ഇതിന് ശേഷം കണ്ണൂർ നഗരത്തിലെത്തിയ മന്ത്രിയുടെ വാഹനം തടഞ്ഞ് യൂത്ത് ലീഗ് പ്രതിഷേധിച്ചു. ഇതെല്ലാം കഴിഞ്ഞ് റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് കെ.എസ്.യു പ്രതിഷേധമുണ്ടായത്.
വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൗണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. മന്ത്രിക്ക് പിന്നാലെ സ്പീക്കര്‍ എൻ.എം ഷംസീറും കണ്ണൂര്‍ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ആരോഗ്യമന്ത്രിയെ ആക്രമിച്ചത് അപലപനീയമെന്ന് സ്പീക്കര്‍ ഷംസീര്‍ പ്രതികരിച്ചു.
ആരോഗ്യമന്ത്രി വീണ ജോർജിന് നേരെയുണ്ടായ ശാരീരിക അതിക്രമം അങ്ങേയറ്റം അപലപനീയമാണെന്നും ഇത് ആസൂത്രിതമായ ഗുണ്ടായിസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ മനഃപൂർവ്വം കലാപം സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഇത്തരം ക്രിമിനൽ സംഘങ്ങളുടെ കെണിയിൽ എൽ.ഡി.എഫ് പ്രവർത്തകർ വീഴരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മന്ത്രിയെ ശാരീരികമായി ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് കേരളത്തെ കലാപഭൂമിയാക്കാനുള്ള ആസൂത്രിത നീക്കമാണ്. ഇതിന് നേതൃത്വം നൽകുന്നവർ നാടിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണ്.
മന്ത്രിമാർ ഇന്നലെ പൊട്ടിമുളച്ചവരല്ല. അവർ നാടിന്റെ പിന്തുണയോടെയും സ്നേഹത്തിലൂടെയും വളർന്നു വന്നവരാണ്. അവരെ സ്നേഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ നാട്ടിലുണ്ട്. മന്ത്രിയെ സ്നേഹിക്കുന്നവർ സ്വാഭാവികമായും ഇത്തരം അക്രമങ്ങളിൽ പ്രകോപിതരാകും. അവർ ഇടപെട്ടാൽ വലിയ സംഘർഷങ്ങളുണ്ടാകും. ഇത്തരം പ്രശ്നങ്ങളാണ് ആ ക്രിമിനലുകൾ ആഗ്രഹിക്കുന്നത്.
അവർ ആഗ്രഹിക്കുന്നത് നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ല. നാട് സംഘർഷത്തിന്റേതാകരുത് എന്ന നിർബന്ധം എൽ.ഡി.എഫ് പ്രവർത്തകർക്കുണ്ടാകണം. ഗുണ്ടകളുടെ കെണിയിൽ പെടരുത്. പകരം, ഈ അക്രമത്തിന്റെ വസ്തുതകൾ ജനങ്ങളിൽ എത്തുംവിധമുള്ള സമാധാനപരമായ പ്രതിഷേധങ്ങളാണ് ഉണ്ടാകേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
