കവിതയുടെ കാര്‍ണിവല്‍ ഒമ്പതാം പതിപ്പിനോടനുബന്ധിച്ച് ‘മലയാളനാടി’ന്റെ ആഭിമുഖ്യത്തില്‍ നല്‍കുന്ന കവിതാ പുരസ്കാരത്തിന് പി.പി രാമചന്ദ്രന്റെ കവിതകള്‍ എന്ന സമാഹാരം തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിക്കപ്പെട്ട കാവ്യസമാഹാരങ്ങളില്‍ നിന്നാണ് പുസ്തകം പുരസ്കാരത്തിന് അർഹമായത്.
മലയാള കാവ്യ ഭാവുകത്വത്തെ നവീകരിക്കുകയും വ്യത്യസ്തമായി അടയാളപ്പെടുത്തുകയും ചെയ്ത സമാഹാരമാണ് പി.പി രാമചന്ദ്രന്റെ കവിതകൾ എന്ന് പുരസ്കാര സമിതി വിലയിരുത്തി. എഴുത്തുകാരില്‍ നിന്നും കവിതാ വായനക്കാരില്‍ നിന്നും സ്വീകരിച്ച നിര്‍ദ്ദേശങ്ങള്‍ കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഏഴംഗ ജൂറി പി.പി രാമചന്ദ്രന്റെ കൃതി തിരഞ്ഞെടുത്തത്.
കെ.സി നാരായണൻ,ഡോ.എൻ അജയകുമാർ, വി.കെ സുബൈദ, ഡോ.കെ.വി സജയ്, ഡോ.പി.പി പ്രകാശൻ, ഡോ.എം.സി അബ്ദുൾ നാസർ, ഡോ. കെ.എം അനിൽ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
