തിരുമിറ്റക്കോട്, നാഗലശ്ശേരി പഞ്ചായത്തുകളിലായി പ്രവർത്തിക്കുന്ന ഓറിയൻ്റൽ റോക്ക് പ്രോഡക്ട് എന്ന കമ്പനിയുടെ ക്വാറിക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ മന്ത്രി എം.ബി രാജേഷിൻ്റെ ഓഫീസിനു മുന്നിൽ ഉപവാസ സമരം നടത്തുമെന്ന് തിരുമിറ്റക്കോട് 17-ാം വാർഡ് ബി.ജെ.പി കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം പകൽ 3 മണിക്ക് പടിഞ്ഞാക്കര പടി ശിവശങ്കരൻ്റെ ഓടിട്ട വീടിനു സമീപം വലിയ ഒരു പാറക്കല്ല് വന്നു പതിച്ചതോടെ ക്വാറിയുടെ ചുറ്റും താമസിക്കുന്ന അമ്പതോളം കുടുംബങ്ങൾ ഭീതിയിലാണ്. രണ്ടായിരത്തില്പരം കുട്ടികൾ പഠിക്കുന്ന ചാത്തനൂർ ഗവ.സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്.
മക്കളും പേരമക്കളും ഉൾപ്പെടെ പതിനൊന്ന് പേർ താമസിക്കുന്ന വീടിന് തൊട്ടടുത്താണ് ഉഗ്രസ്ഫോടനത്തിൽ കല്ല് പതിച്ചത്. ഭാഗ്യത്തിനാണ് എല്ലാവരും രക്ഷപ്പെട്ടതെന്ന് പടിഞ്ഞാക്കര പടി ശിവശങ്കരനും ഭാര്യ വേശുവും പറഞ്ഞു.
ഇതുസംബന്ധിച്ച് അന്നുതന്നെ പഞ്ചായത്ത്, വില്ലേജ്, ജില്ലാ കളക്ടർ, മൈനിങ്ങ് ആൻ്റ് ജിയോളജി, എസ്.സി/ എസ്.ടി കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയിരുന്നതായും ഇന്നേവരെ ഒരു അന്വേഷണവും ഉണ്ടായില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടാണ് വർഷങ്ങളായി ക്വാറി പ്രവർത്തിക്കുന്നത്. ക്വാറിക്കെതിരെ പരാതി നൽകുന്നവരെ നിശബ്ദരാക്കുന്ന തരത്തിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ജീവനും സ്വത്തിനും സുരക്ഷ നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി തന്നെ ഉടൻ ഇടപെടണം. മന്ത്രി ഇടപെടുന്നില്ലെങ്കിൽ കൂറ്റനാട് മന്ത്രിയുടെ ഓഫീസിന് മുന്നിൽ ഉപവാസ സമരം നടത്തുമെന്ന് ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് വി.ജി.പ്രശാന്ത്, എൻ.വി അരുൺ, പി.പി ശിവശങ്കരൻ, എ.പി വേശു എന്നിവർ അറിയിച്ചു.
