ഇന്ന് പുലർച്ചെ ആന്ധ്രപ്രദേശിൽ മർക്കപുരം ജില്ലയിലെ രായപുരത്താണ് നാടിനെ നടുക്കിയ സംഭവം. തെലങ്കാനയിലെ നിർമ്മലിൽ നിന്ന് നെല്ലൂരിലേക്ക് പോയിരുന്ന ഹരികൃഷ്ണ ട്രാവൽസിൻ്റെ ബസ്സും ചരൽ നിറച്ച് വന്നിരുന്ന ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഇരു വാഹനങ്ങളും തീപിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും കത്തിയമർന്നു. അപകടത്തിൽ 13 പേർ പൊള്ളലേറ്റ് മരിച്ചു. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിച്ചു.
ബസ്സിലുണ്ടായിരുന്ന 41 യാത്രക്കാരിൽ 13 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും, അവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച 25 പേരിൽ 10 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അഞ്ച് പേരുടെ നില ഗുരുതരമാണെന്നും മർക്കപുരം ജില്ലാ കളക്ടർ ഇൻചാർജ് പി.രാജ ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ഗുണ്ടൂർ ജി.ജി.എച്ചിലേക്ക് മാറ്റി.
രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചതോടെ വൻ തീപിടുത്തമുണ്ടായി. രണ്ട് വാഹനങ്ങളിലും തീ പടർന്നു. യാത്രക്കാർക്ക് രക്ഷപ്പെടാൻ വളരെ കുറച്ച് സമയമേ ഉണ്ടായിരുന്നുള്ളൂ.
പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. പരിക്കേറ്റ യാത്രക്കാരെ ഉടൻ ചികിത്സയ്ക്കായി മർക്കപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ളവരെ ഒബുല റെഡ്ഡി ആശുപത്രിയിലേക്ക് മാറ്റി.
മരിച്ചവരെ തിരിച്ചറിയാൻ നടപടികൾ തുടങ്ങിയതായി പോലീസ് അധികൃതർ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം അന്വേഷിക്കുന്നതിനും നടപടി തുടങ്ങി. വാഹനത്തിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ ഉയരുമെന്ന് കരുതുന്നുണ്ട്.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവത്തിൽ ഞെട്ടലും ദുഃഖവും പ്രകടിപ്പിച്ചു. പരിക്കേറ്റവർക്ക് നൽകുന്ന വൈദ്യസഹായത്തെക്കുറിച്ച്അദ്ദേഹം ഉദ്യോഗസ്ഥരോട് സംസാരിച്ചു.
പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ടു ലക്ഷവും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും സർക്കാർ സഹായധനം പ്രഖ്യാപിച്ചു. രാഷ്ട്രപതി ഉൾപ്പെടെയുള്ളവർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.
