കൊല്ലം പട്ടത്താനത്തെ വസതിയിൽ ഇന്ന് പുലർച്ചെയോടെയാണ് മരണം. രോഗബാധിതനായി രാജേന്ദ്രൻ (71) ചികിത്സയിലായിരുന്നു. മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും മൃതദേഹം വീട്ടിലെത്തിച്ചു. നിരവധി പേർ അന്ത്യാഞ്ജലിയർപ്പിക്കാൻ വീട്ടിലെത്തി.
ഇന്ന് ഉച്ചയോടെ കാളിദാസ കലാകേന്ദ്രത്തിലും പൊതുദർശനമുണ്ടാകും. വൈകിട്ടോടെ മൃതദേഹം തൃശൂർ ജില്ലയിലെ തൃത്തല്ലൂരിലേക്ക് കൊണ്ടുപോകും. സംസ്കാരം വെള്ളിയാഴ്ച ജന്മനാടായ തൃത്തല്ലൂരിൽ നടക്കും.
നാടകരംഗത്ത് സജീവമായിരുന്ന രാജേന്ദ്രൻ, ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും നാടക സംവിധാനം തുടർന്നിരുന്നു. കളിയാട്ടം, പ്രണയ വർണ്ണങ്ങൾ, പട്ടാഭിഷേകം തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവൻ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
അറുപതോളം ചിത്രങ്ങളിൽ വില്ലനായും സ്വഭാവ നടനായും അഭിനയിച്ചു. നാടകത്തിലും ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു. നിരവധി നാടകങ്ങൾ സംവിധാനം ചെയ്‌തിട്ടുണ്ട്. പല ക്ലാസിക് കൃതികളെയും നാടക രൂപത്തിൽ ആവിഷ്കരിച്ച് കാളിദാസ കലാകേന്ദ്രയിലൂടെ അവതരിപ്പിച്ചു.
സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും നാടക ആചാര്യനുമായിരുന്ന ഒ. മാധവൻ്റെയും പ്രശസ്ത നാടക അഭിനേത്രി വിജയകുമാരിയുടെയും മകളായ സന്ധ്യയാണ് രാജേന്ദ്രന്റെ ഭാര്യ. മകൻ ദിവ്യദർശനും നടനാണ്. നടനും എം.എൽ.എയുമായ എം. മുകേഷ് ഭാര്യാ സഹോദരനാണ്.
