പാലക്കാട് ജില്ലയിൽ നിയമസഭ തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട സമയപരിധി അവസാനിച്ചപ്പോൾ ഇതുവരെ സമർപ്പിക്കപ്പെട്ടത് 174 നാമനിർദ്ദേശ പത്രികകൾ.
12 നിയമസഭാ നിയോജക മണ്ഡലങ്ങളിൽ, വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെ 105 സ്ഥാനാർത്ഥികളാണ് ഇത്രയും നാമനിർദ്ദേശ പത്രികകൾ സമര്‍പ്പിച്ചിട്ടുള്ളത്.
വിവിധ നിയോജക മണ്ഡലങ്ങളില്‍ ലഭിച്ചിരിക്കുന്ന നാമനിര്‍ദ്ദേശ പത്രികകളുടെ എണ്ണം ഇപ്രകാരം :
പാലക്കാട് 17, മണ്ണാർക്കാട് 20, ഒറ്റപ്പാലം 16, പട്ടാമ്പി 15, 'തൃത്താല 16, കോങ്ങാട് 11, തരൂർ 13, നെന്മാറ 15, ആലത്തൂർ 11, ഷൊർണൂർ 12, ചിറ്റൂർ 18, മലമ്പുഴ 10.
നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായ 26ന് വൈകിട്ടോടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാകും.
നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 24 രാവിലെ 11 മുതല്‍ നടക്കും. മാര്‍ച്ച് 26ന് വൈകീട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം.
ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി നാല് നാമനിര്‍ദ്ദേശ പത്രികകള്‍ വരെ സമര്‍പ്പിക്കാന്‍ സാധിക്കുന്നതിനാല്‍ ഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും ഒന്നിലധികം നാമനിര്‍ദ്ദേശ പത്രികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11 മുതൽ വിവിധ നിയോജക മണ്ഡലങ്ങളുടെ വരണാധികാരികള്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ മേല്‍നോട്ടത്തിലാണ് സൂക്ഷ്മപരിശോധന നടത്തുന്നത്.
