പ്രമുഖ ചരിത്രകാരനും കേരള ചരിത്ര ഗവേഷണ കൗൺസിൽ സ്ഥാപക ചെയർമാനുമായ കെ.എൻ. പണിക്കർ ഓർമ്മയായി: സംസ്കാരം ചൊവ്വാഴ്ച

ഇന്ത്യയിലെ പ്രമുഖ ചരിത്രകാരൻമാരിൽ ഒരാളായിരുന്ന പി.എൻ പണിക്കർ (89) തിരുവനന്തപുരം പട്ടം എസ്.യു.ടി. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 

ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും മകനായി 1936 ലാണ് ജനനം. ചാവക്കാട് ബോഡ് ഹൈസ്കൂൾ, പാലക്കാട് ഗവ.വിക്ടോറിയ കോളേജ്, രാജസ്ഥാൻ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 

ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ചരിത്ര വിഭാഗം അധ്യാപകനായി. വകുപ്പു മേധാവിയായും സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡീനായും ആർക്കൈവ്സ് ഓഫ് കണ്ടെമ്പററി ഹിസ്റ്ററിയുടെ ചെയർമാനായും പ്രവർത്തിച്ചു.

പല വിദേശ സർവകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർ‌വകലാശാല വൈസ് ചാൻസലറായിരുന്നു. നിലവിൽ കേരള ഹയർ എജ്യുക്കേഷൻ കൗൺസിലിന്റെ ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു.

ചരിത്രത്തെ മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ സമീപിച്ച കെ.എൻ.പണിക്കർ, മതേതരത്വത്തിനുവേണ്ടി നിലകൊള്ളുകയും  ഇന്ത്യൻ ചരിത്ര രചനയിൽ ശാസ്ത്രീയവും പുരോഗമനപരവുമായ കാഴ്ചപ്പാടുകൾ ഉറപ്പിച്ചു നിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. അധിനിവേശ കാലഘട്ടത്തിലെ സാംസ്കാരിക ഭൗതിക ചരിത്രമായിരുന്നു പ്രധാനമായും അദ്ദേഹത്തിന്‍റെ ഗവേഷണമേഖല. ഇന്ത്യൻ കൊളോണിയലിസത്തിന്‍റെയും ആധുനികതയുടെയും ചരിത്രത്തെ ആഴത്തിൽ വിശകലനം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഗവേഷണ പഠനങ്ങൾ.

2017ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി അദ്ദേഹത്തെ ആദരിച്ചു. സംസ്കാരം ചൊവ്വാഴ്ച നടക്കും.

ഭാര്യ: ഉഷ ഭാർഗവ.  മക്കൾ: രാഗിണി, ശാലിനി. മരുമക്കൾ: പീതാംബരൻ, ആർ.വി രാമൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം