പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്തുള്ള ആനക്കര പഞ്ചായത്തിലെ കുമ്പിടി കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിച്ചു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 118 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. കേരളത്തിൻ്റെ ടൂറിസം ഭൂപടത്തിൽ കുമ്പിടിയെ അടയാളപ്പെടുത്താൻ ഒരുങ്ങുന്ന കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജ് പദ്ധതിയിലൂടെ അഞ്ചു കിലോമീറ്റർ പരിധിയിൽ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനുമാകും.
ഭാരതപ്പുഴക്ക് കുറുകെ പാലക്കാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ടാണ് ബ്രിഡ്ജ് നിർമ്മിച്ചത്. ഇരു ജില്ലകളിലേക്കും ഇതോടെ ഗതാഗത സൗകര്യം വർധിക്കും.
പരിപാടിയിൽ പി.മമ്മിക്കുട്ടി എം.എൽ.എ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ പ്രജീഷ്, കെ.എൽ.എൽ.ഡി.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.തിലകൻ, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ.ബിജു, വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

