കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരടക്കമാണ് പോലീസിന്റെ പിടിയിലായത്. ബാക്കി പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അവരും വൈകാതെ പിടിയിലാകുമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത മാധ്യമങ്ങളോട് പറഞ്ഞു.
'പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണ്. അതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. അടുത്തുള്ള എല്ലാ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംസ്ഥാന അതിർത്തികളിലേക്കും അലർട്ട് മെസേജ് നൽകിയിട്ടുണ്ട്. ബാക്കി പ്രതികളെയും വൈകാതെ പിടികൂടാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.' കമ്മീഷണർ പറഞ്ഞു.
'ഗുണ്ടാ ആക്രമണങ്ങൾ സംബന്ധിച്ച കേസുകളുടെ അന്വേഷണങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല.' കമ്മീഷണർ കൂട്ടിച്ചേർത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരും അവർക്ക് സഹായം നൽകിയ രണ്ടുപേരുമാണ് ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കരുനാഗപ്പള്ളിയിൽ നടുറോഡിൽ വെച്ച് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ അലുവ അതുൽ എന്നറിയപ്പെടുന്ന പ്രതിയാണ് കൊല്ലപ്പെട്ടത്. കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പിട്ട് മടങ്ങുന്ന വഴിയാണ് അതുലിനുനേരെ ആക്രമണമുണ്ടായത്.
അതുലിൻ്റെ വാഹനത്തെ മറ്റൊരു വാഹനത്തിൽ പിന്തുടർന്നെത്തിയവർ അഴുക്കുചാൽ നിർമ്മാണത്തിനു വേണ്ടി കീറിയ ചാലിലേക്ക് അതുലിൻ്റെ കാറിനെ ഇടിച്ചിടുകയായിരുന്നു. വാഹനത്തിൽ നിന്ന് മാരകായുധങ്ങളുമായി ചാടിയിറങ്ങിയ സംഘം അതുലിനെ പുറത്തിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
