ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവെക്കാനാണ് ഇടതു വലതു മുന്നണികൾ ഡീൽ ആരോപണം ഉന്നയിക്കുന്നതെന്നും, ഇത് അവരുടെ പരിദേവനങ്ങളും കൊതിക്കെറുവുമാണെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
ബി.ജെ.പിക്കെതിരെ ഉന്നയിക്കുന്ന ഡീൽ ആരോപണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി മറുപടി നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി ഇല്ലാതെ കേരളത്തിൽ ആർക്കും അധികാരത്തിലെത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ഡീൽ ആരോപണത്തിലൂടെ അവർ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളത്തിൽ, ബി.ജെ.പി കിംഗ് മേക്കർ ആകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കൂറ്റനാട് നടന്ന തൃത്താല എൻ.ഡി.എ സ്ഥാനാർത്ഥി വി.ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ നിയമസഭയിൽ എത്തുന്ന ബി.ജെ.പി എം.എൽ.എമാരുടെ സംഘത്തിൽ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉണ്ടാകണമെന്നും സുരേഷ് ഗോപി വോട്ടർമാരോട് ആവശ്യപ്പെട്ടു. എൻ.ഡി.എ തൃത്താല നിയോജക മണ്ഡലം കൺവീനർ ദിവാകൻ അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ബാബു പൂക്കാട്ടിരി, മുതിർന്ന നേതാവ് വി.രാമൻകുട്ടി, ബി.ജെ.പി പാലക്കാട് വെസ്റ്റ് ജില്ലാ വൈസ് പ്രസിഡൻ്റ് വി.ബി മുരളിധരൻ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വരുൺ പ്രസാദ്, ശിവസേന നേതാവ് നിധീഷ്, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡൻ്റ് സേതു ആറങ്ങോട്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ. കൃഷ്ണദാസ്, എൻ.പി രാജൻ, കെ നാരായണൻകുട്ടി, രതീഷ് തണ്ണീർക്കോട് , തൃത്താല മണ്ഡലം പ്രസിഡൻ്റ് അഡ്വ.കെ.വി മനോജ്, കപ്പൂർ മണ്ഡലം പ്രസിഡൻ്റ് ദിനേശൻ എറവക്കാട്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.സി കുഞ്ഞൻ, പി.സുന്ദരൻ, മണ്ഡലം ട്രഷറർ എ.പി വേണുഗോപാൽ, മഹിള മോർച്ച ജില്ലാ കമ്മിറ്റി അംഗം നളിനി ആനക്കര, പഞ്ചായത്ത് മെമ്പർ വിഷ്ണു തുടങ്ങിയവർ സന്നിഹിതരായി.
