വീടിനുള്ളിലും രക്ഷയില്ല; തെരുവ് നായ വീട്ടിനുള്ളിൽ കയറി കിടപ്പുരോഗിയായ വയോധികയെ കടിച്ചു കൊന്നു.

എരുമപ്പെട്ടി വെള്ളറക്കാടാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. ഇന്ന് സന്ധ്യയോടെയാണ് തെരുവുനായ വീടിനുള്ളിൽ അതിക്രമിച്ചു കയറിയത്.

വീട്ടിനുള്ളിൽ കിടപ്പു രോഗിയായി കഴിഞ്ഞിരുന്ന വയോധികയെ തെരുവ് നായ ക്രൂരമായി ആക്രമിച്ചു. ദേഹമാകെ കടിയേറ്റ വയോധിക തൽക്ഷണം കൊല്ലപ്പെട്ടു. വെള്ളറക്കാട് കൊല്ലൻപ്പടി സ്വദേശി കിഴക്കേപുരയ്ക്കൽ കാർത്ത്യായനി (84) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

​കുറെ നാളുകളായി വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വീടിനുള്ളിൽ കിടപ്പിലായിരുന്നു കാർത്ത്യായനി. ഉമ്മറത്തെ വാതിലിലൂടെ അകത്തുകയറിയ നായ ഇവരെ അതിദാരുണമായി കടിച്ചു കീറുകയായിരുന്നു. കടിയേറ്റ കാർത്ത്യായനി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഈ സമയം അപ്പുറത്തെ മുറിയിൽ ഉണ്ടായിരുന്ന ഓർമ്മക്കുറവുള്ള മകൻ ദേവദാസനും (60) നായയുടെ കടിയേറ്റു. വീട്ടിലുണ്ടായിരുന്ന മറ്റൊരു മകൻ പുറത്തുപോയ സമയത്താണ് അപ്രതീക്ഷിതമായി ഈ ദുരന്തമുണ്ടായത്.

​കാർത്ത്യായനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ നിന്നും ഇറങ്ങിയോടിയ നായ പ്രദേശത്തെ മറ്റ് മൂന്ന് പേരെ കൂടി ആക്രമിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമായത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം