സംസ്ഥാന സർക്കാരിൻ്റെ സമ്മർ ബമ്പർ ലോട്ടറിയുടെ ഭാഗ്യശാലിയെ കണ്ടെത്തി. നെടുവ ചക്യാട്ട് റോഡിൽ നടുവീട്ടിൽ പത്മനാഭൻ (51) ആണ് ആ ദശകോടിപതി. പരപ്പനങ്ങാടി സ്വദേശിയായ പത്മനാഭൻ സൂപ്പർ മാർക്കറ്റ് തൊഴിലാളിയാണ്.
SB 517026 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടിക്കറ്റ് എസ്.ബി.ഐ പരപ്പനങ്ങാടി ബ്രാഞ്ച് മാനേജർക്ക് കൈമാറി.
പതിവായി ലോട്ടറി എടുക്കുന്ന ശീലം പത്മനാഭനില്ല. എന്നാൽ 'ബമ്പർ' ആയതുകൊണ്ട് മാത്രം എടുത്തതാണ് ടിക്കറ്റെന്നും പത്മനാഭൻ പറയുന്നു.
കഴിഞ്ഞ 26ന് കോയമ്പത്തൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് പാലക്കാട് നിന്ന് പത്മനാഭൻ സമ്മാനർഹമായ ടിക്കറ്റ് എടുത്തത്. ആ തീരുമാനം ജീവിതത്തിൽ മറ്റൊരു വഴിത്തിരിവായി മാറുകയാണിപ്പോൾ.
കഴിഞ്ഞ എട്ടുവർഷമായി കോഴിച്ചെനയിലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തുവരികയാണ് പത്മനാഭൻ. ഭാര്യ സ്മിതയും പത്താം ക്ലാസ് വിദ്യാർത്ഥി ശ്രീഹരിയും ഏഴാം ക്ലാസുകാരി പാർവണയും അടങ്ങുന്നതാണ് കുടുംബം. അപ്രതീക്ഷിതമായി തേടിയെത്തിയ ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് കുടുംബം.
