ഇന്ന് (ബുധനാഴ്ച) പുലർച്ചെ രണ്ടുമണിയോടെ സംസ്ഥാന പാതയിൽ കൊയിലാണ്ടി കുറുവങ്ങാട് അക്വഡറ്റിന് സമീപമായിരുന്നു അപകടം.
ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലും മതിലിലും ഇടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു.
മലബാർ മെഡിക്കൽ കോളേജിലെ ഫൈനൽ ഇയർ വിദ്യാർഥി കൊല്ലം കരുനാഗപ്പള്ളി സ്വദേശി നന്ദകിഷോർ (22), ഒന്നാം വർഷ വിദ്യാർത്ഥികളായ കായംകുളം കീരിക്കാട് സൗത്ത് ചേമത്തറയിൽ അഭിയാൻ റഹ്മാൻ (20), മണ്ണാർക്കാട് അലനല്ലൂർ പൊക്കത്ത് കളത്തിൽ അഭിനവ് സുരേഷ് (20) എന്നിവരാണ് മരിച്ചത്.
മൂവരും ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ വാഹനം നിയന്ത്രണം തെറ്റി പോസ്റ്റിലിടിച്ചു. തുടർന്ന് മതിലിൽ ഇടിച്ച ശേഷം സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞു.
വഴിയാത്രക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. മുന്നുപേരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
