കുറ്റിപ്പുറം - പൊന്നാനി ദേശീയ പാതയിലെ സർവീസ് റോഡിലാണ് അപകടം. ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികളാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
പൊന്നാനി എം.എ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി പൊന്നാനി പള്ളപ്രം മാലിക്കുളം അലിയുടെ മകൻ മുഹമ്മദ് അസ്ലം (19), പാലപ്പെട്ടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി പൊന്നാനി തട്ടേക്കാനകത്ത് ഇബ്രാഹിമിന്റെ മകൻ അൻസിഫ് (19) എന്നിവരാണ് മരിച്ചത്.
ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അൻസിൽ എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
പൊന്നാനി ബർളി കുളത്തിനു സമീപമുള്ള ദേശീയപാത സർവീസ് റോഡിൽ വച്ചാണ് എതിർ ദിശയിൽ വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ രണ്ട് വശങ്ങളിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. മരിച്ച അസ്ലമും അൻസിഫും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ഇവരുടെ മൃതദേഹങ്ങൾ പോസറ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
