നിയമസഭാ തെരഞ്ഞെടുപ്പിൽ 85 വയസ്സിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കുമുള്ള 'വീട്ടിൽ വോട്ടി'ന് തുടക്കമായി. ബി.എൽ.ഒ മാർ മുഖേന മുൻകൂട്ടി അപേക്ഷേ നൽകിയവരുടെ വീടുകളിൽ പോളിങ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വോട്ടവകാശം വിനിയോഗിക്കുന്നതിന് സൗകര്യമൊരുക്കി.
85 വയസ്സിന് മുകളിലുള്ള 7561 പേരും ഭിന്ന ശേഷിക്കാരായ 3361 പേരും ഉൾപ്പെടെ 10922 വോട്ട് ഇന്നലെ പോൾ ചെയ്തു. പോളിങ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ, വീഡിയോഗ്രാഫർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന പ്രത്യേക മൊബൈൽ ടീമാണ് വോട്ടർമാർക്കരികിലെത്തുന്നത്. രഹസ്യ സ്വഭാവവും സുരക്ഷാ മാനദണ്ഡങ്ങളും പൂർണമായും പാലിച്ചാണ് നടപടി. ബാലറ്റ് സുരക്ഷിതമായി സൂക്ഷിക്കാൻ പ്രത്യേക സ്റ്റീൽ സ്യൂട്ട്കേസാണ് ഉപയോഗിക്കുന്നത്.
സുതാര്യത ഉറപ്പാക്കാൻ വോട്ടെടുപ്പ് വീഡിയോയിൽ പകർത്തും. പാർടികളുടെ ബൂത്ത് ഏജന്റുമാരും ഒപ്പമുണ്ടാകണമെന്ന് നിർദ്ദേശമുണ്ട്. ആദ്യഘട്ടത്തിൽ വോട്ടർ വീട്ടിലില്ലെങ്കിൽ ഇവർക്ക് ഒരവസരം കൂടി നൽകും. സമയപരിധി ഏപ്രിൽ നാലുവരെയാണ്.
85 വയസ്സ് പിന്നിട്ട ആകെ വോട്ടർമാരിൽ 71.27 ശതമാനവും ഇക്കുറി വീട്ടിൽ ഇരുന്ന് വോട്ടുചെയ്യാനാണ് തീരുമാനിച്ചത്. ഈ വിഭാഗത്തിലെ 1,45,521 പേരാണ് പട്ടികയിലുള്ളത്. ഇതിനുപുറമെ ഭിന്നശേഷിയുള്ള 62,240 വോട്ടർമാരും വീടുകളിലിരു ന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും. ഈ വിഭാഗത്തിലെ ആകെ വോട്ടർമാരുടെ 25.50 ശതമാനമാണിത്.
പാലക്കാട് ജില്ലയിൽ പോളിങ് ബൂത്തുകളിൽ നേരിട്ടെത്തി വോട്ട് ചെയ്യാൻ സാധിക്കാത്ത 85ന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ എന്നിവർക്കുള്ള ഹോം വോട്ടിങ് ഇന്ന് (ചൊവ്വാഴ്ച) തുടങ്ങി. 14,579 വോട്ടർമാരാണ് ജില്ലയിൽ ഹോം വോട്ടിങ്ങിന് അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ 11,642 പേർ 85 വയസ്സിന് മുകളിലുള്ളവരും 2,937 പേർ ഭിന്നശേഷിക്കാരുമാണ്. 12 മണ്ഡലങ്ങളിലായി ഇതിനായി 219 ഉദ്യോഗസ്ഥരെ സജ്ജമാക്കിയിട്ടുണ്ട്.
പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവർ സംഘത്തിൽ ഉൾപ്പെടും. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. വോട്ടർമാരുടെ സ്വകാര്യതയുൾപ്പെടെ പാലിച്ചുള്ള വോട്ടെടുപ്പിനു ശേഷം ബാലറ്റ് നിശ്ചിത കേന്ദ്രത്തിലെത്തിച്ച് സൂക്ഷിക്കും.
