ചക്രകസേരകളിൽ ഒതുങ്ങേണ്ടതല്ല ജീവിതമെന്ന് സ്വന്തം പോരാട്ടത്തിലൂടെ തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് സ്വദേശിനിയായ ഡോ.ആതിര സുഗതൻ. 2025ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ 483-ാം റാങ്ക് നേടിയാണ് ആതിര അഭിമാന നേട്ടം കൈവരിച്ചത്.
ഒരു റോഡപകടമാണ് ആതിരയെ പ്രതിസന്ധിയിലേക്ക് എടുത്തെറിഞ്ഞത്. അപകടത്തെത്തുടർന്ന് ഓർമശക്തിയും അരയ്ക്ക് താഴെ ചലന ശേഷിയും നഷ്ടപ്പെട്ട് വീൽ ചെയറിലായിരുന്നു ജീവിതം. ആ അവസ്ഥയിൽ നിന്നാണ് ഫീനിക്സ് പക്ഷിയെപ്പോലെ ആതിര ഉയിർത്തെഴുന്നേറ്റത്.
ഭിന്നശേഷിക്കാർക്കും സിവിൽ സർവീസ് പരീക്ഷയെഴുതാമെന്ന തിരിച്ചറിവ് അഞ്ച് വർഷം മുൻപ് ആതിരയെ ഈ സ്വപ്നത്തിലേക്ക് നയിക്കുകയായിരുന്നു.
തുടർച്ചയായി മൂന്ന് വട്ടം പരാജയം രുചിച്ചെങ്കിലും തളരാതെ, നാലാം ശ്രമത്തിലാണ് നാല് വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ ആതിര ലക്ഷ്യം കണ്ടത്. മലയാളം ഓപ്ഷണൽ ആയി തിരഞ്ഞെടുത്ത് ഇൻ്റർവ്യൂവിനെ മലയാളത്തിൽ തന്നെയാണ് ആതിര നേരിട്ടത്.
ദിവസവും നാല് മണിക്കൂർ മാത്രമാണ് ആതിര ഉറങ്ങിയിരുന്നത്. പഠനത്തിനായി കൂടുതൽ സമയം നീക്കിവച്ചു. ഏകാഗ്രമായ പഠനവും വിട്ടുവീഴ്ചയില്ലാത്ത പരിശ്രമവുമാണ് തൻ്റെ വിജയ രഹസ്യമെന്ന് ബി.ഡി.എസ് ബിരുദധാരിയായ ആതിര പറയുന്നു. പരാജയങ്ങളിൽ തളരാതെ ലക്ഷ്യം കാണും വരെ പോരാടണമെന്ന വലിയ സന്ദേശമാണ് വരാനിരിക്കുന്ന ഉദ്യോഗാർഥികൾക്കായി ആതിര പകർന്നു നൽകുന്നത്.
