തൃത്താല മണ്ഡലത്തിലെ നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ആതുരാലയത്തന് പുതിയ കെട്ടിടമുയർന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും.
2021-22 ലെ സംസ്ഥാന ബജറ്റിൽ അനുവദിച്ച 12.50 കോടി രൂപ ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിച്ചത്. നിലവിലെ പി.എച്ച്.സിയെ മാതൃകാ സി.എച്ച്.സിയായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. രണ്ടുനിലകളിലായി നിർമ്മിച്ച കെട്ടിടത്തിന് 2,446 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്.
കെട്ടിടത്തിൽ നാല് ഒ.പി, ഒബ്‌സർവേഷൻ മുറി, സ്റ്റാഫ് റൂം, എ.എച്ച് ക്ലിനിക്, ഡ്രസിങ് റൂം, ഫീഡിങ് മുറി, വെൽനെസ് സൗകര്യം, ഡെൻ്റൽ ലാബ്, കാഴ്ച പരിശോധന മുറി, സ്റ്റോർ, ഓഫീസ്, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം നഴ്‌സസ് മുറി, പെയിൻ ആൻ്റ് പാലിയേറ്റീവ് ക്ലിനിക്, ഫാർമസി, ഫാർമസി സ്റ്റോർ, ശൗചാലയം, കോൺഫറൻസ് ഹാൾ, ഹെൽത്ത് ഇൻസ്പെക്‌ടർ ഓഫീസ്, വാക്‌സിനേഷൻ മുറി, ആശുപത്രി സൂപ്രണ്ട് ഐ.യു.ഡി റൂം, എം.എൽ.എസ്.പി റൂം, ലേഡീസ് ഡ്രസിങ് റൂം, ലിഫ്റ്റ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
തൃത്താല, നാഗലശ്ശേരി, പട്ടിത്തറ, പരുതൂർ, ആനക്കര പഞ്ചായത്തുകളിലെ രോഗികളാണ് തൃത്താല ഗവ.ആശുപത്രിയെ കൂടുതലായും ആശ്രയിക്കുന്നത്.
നേരത്തെ ഇവിടെ കിടത്തി ചികിത്സാ സൗകര്യം ഉണ്ടായിരുന്നു. കൂടാതെ പോസ്റ്റ്മോർട്ടം സൗകര്യവും ഉണ്ടായിരുന്നു. കെട്ടിടങ്ങൾ ജീർണ്ണിച്ചതോടെയാണ് അതെല്ലാം നിർത്തിവച്ചത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയർത്താൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
