ഭക്തിഗാനസുധയുമായി രാധേ ശ്യാം ഗായക സംഘം

മനുഷ്യരിൽ ആത്മീയാനുഭൂതി സമ്മാനിക്കാൻ സംഗീതത്തോളം പോലെ മറ്റൊരു നിവേദ്യമില്ലെന്ന് തിരിച്ചറിഞ്ഞവരാണ് രാധേ ശ്യാം ഗായക സംഘം. അവരുടെ ഗാന സഞ്ചാരം തുടരുകയാണ്.

ഒറ്റപ്പാലം താലൂക്കിൽ ലക്കിടി പേരൂരിൽ മഹാകവി കുഞ്ചൻ നമ്പ്യാരുടെ തട്ടകമായ കിള്ളിക്കുർശ്ശി മംഗലത്താണ് രാധേ ശ്യാം സംഘത്തിൻ്റെ ആസ്ഥാനം. ഈ വനിതാ ഗായക സംഘം  ക്ഷേത്രങ്ങളിൽ നിന്ന് ക്ഷേത്രങ്ങളിലേക്കുള്ള സംഗീത യാത്രയിലാണ്.

രണ്ട് വർഷം മുമ്പാണ് ആറ് വനിതകൾ ചേർന്ന് ഗായക സംഘത്തിന് രൂപം നൽകിയത്. കഥയും കവിതയും പാട്ടുകളും എഴുതുന്ന ഗായികമാരായ സുനിത വേണു, കോമൾ നാരായണൻ എന്നിവരാണ് ടീമിനെ നയിക്കുന്നത്. ഇവരോടൊപ്പം പുഷ്പ സേതു, ലക്കിടി പേരൂർ പഞ്ചായത്ത് അംഗമായിരുന്ന മോനിഷ രതീഷ്, സുജിത രാമകൃഷ്ണൻ, നിഹാര എന്നിവരുമുണ്ട്. ഇവർക്ക് സാങ്കേതിക സഹായം നൽകാൻ ഓർക്കസ്ട്രയുമായി ഒറ്റപ്പാലം മുരളീധരനുമുണ്ട്.

നൂറിലേറെ ഭക്തിഗാനങ്ങൾ ഇവരുടെ ശേഖരത്തിലുണ്ട്. ഇതിനകം ചെറുതും വലുതുമായ ക്ഷേത്രങ്ങളിലെ നൂറോളം വേദികളിൽ ഭക്തിഗാന സുധ അവതരിപ്പിച്ചു കഴിഞ്ഞു.

വ്യക്തിപരവും സാമൂഹ്യ പരവുമായ എല്ലാ ചടങ്ങുകളിലും വിശേഷങ്ങളിലും സംഗീതം ഒഴിച്ചുകൂടാനാകാത്തവിധം ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഇക്കാലത്ത് രാധേ ശ്യാം ഗായക സംഘത്തിന് പ്രസക്തിയേറെയാണ്. 

മനസ്സിന്റെ അവസ്ഥ എത്രയും പെട്ടെന്ന് മാറ്റിയെടുക്കാന്‍ സംഗീതത്തോളം പറ്റിയ മറ്റൊരു പ്രതിഭാസവും ഇല്ലെന്നിരിക്കെ, എല്ലാ മതങ്ങളും ദൈവീക ആരാധനയില്‍ സംഗീതത്തെ ഉപയോഗിക്കുന്നുണ്ട്. 

കര്‍ണാടക സംഗീതത്തില്‍ സ്ഥായിയായി ഒഴുകുന്നത് ഭക്തി ഭാവമാണ്. പ്രേമഭാവനയോടെ ഈശ്വരനെ സ്തുതിച്ച്, ഈശ്വരന്റെ ഗുണഗണങ്ങള്‍ പാടി നടക്കുക എന്നതാണ് രാധേ ശ്യാമിൻ്റെ ലക്ഷ്യം.

ഓരോ ക്ഷേത്രത്തിലും കുടികൊള്ളുന്ന ദേവനും ദേവിക്കും രാഗാർച്ചന നടത്താൻ പ്രത്യേകം പാട്ടുകൾ ഇവരുടെ പക്കലുണ്ട്.

യഥാര്‍ത്ഥ ഭക്തിയിലൂടെ സംഗീതം ആലപിച്ചാലേ അതിന് ഫലമുണ്ടാകുകയുള്ളൂ. ഭക്തിയാണ് സംഗീതത്തിന് ആധാരം. ഭക്തിയുടെ പൂര്‍ണ്ണത സംഗീതത്തിലാണ്. ഭക്തിയും സംഗീതവും പരസ്പര പൂരകങ്ങളാണ്. 

ഇങ്ങനെയുള്ള ഭക്തി സാക്ഷാത്കരിക്കുവാന്‍ ഫലവത്തായ മാര്‍ഗ്ഗം സംഗീതമാണ് എന്ന് ഇവർ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആസ്വാദകരിൽ ഭക്തി രസം വർധിപ്പിക്കാൻ ലളിത സംഗീതത്തിലും നാടൻ പാട്ടിലുമാണ് ഇവർ ശ്രദ്ധ നൽകുന്നത്.

YouTube channel link...

https://youtu.be/3v68Jp0L5xc?si=p9Jl5ndT2QzvgK9u

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം