വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് പമ്പയാറ്റിൽ ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ച കള്ളനെ പുറകെ ചാടി പിന്തുടർന്ന് പൊലീസ് പിടികൂടി.

തെക്കേമല കുറുന്താർ സ്വദേശി രാജേഷിനെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്ത‌ത്. ശനിയാഴ്‌ച വൈകീട്ട് ആറുമണിയോടെയാണ് കോഴഞ്ചേരിയിൽ  സാഹസിക സംഭവം നടന്നത്.

മാല മോഷണം പോയെന്ന വിവരത്തെ തുടർന്ന് കോഴഞ്ചേരി പുതിയ പാലത്തിന് സമീപം പ്രസന്നയുടെ വീട്ടിലെത്തിയതാണ് ആറന്മുള എസ്.ഐ ആഷിൽ രവിയും സംഘവും. വീട്ടിൽ കയറിയ പ്രതി പ്രസന്നയുടെ വായ പൊത്തിപ്പിടിച്ച് നാലുപവൻ വരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഒരാൾ ഓടിപ്പോകുന്നത് കണ്ടതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. വീടിനടുത്തുള്ള കാട്ടിനുള്ളിൽ ഇയാൾ ഒളിച്ചിരിക്കാമെന്ന സംശയത്തെ തുടർന്ന് പൊലീസ് തിരച്ചിൽ തുടങ്ങി. കാടിനുള്ളിൽ പോലീസ് എത്തിയതോടെ പ്രതി പമ്പയാറ്റിലേക്ക് ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു.

എന്നാൽ പൊലീസ് പിന്തിരിഞ്ഞില്ല. സി.പി.ഒമാരായ അഖേഷും കിരണും പിറകെ പുഴയിലേക്ക് ചാടി. പുഴയുടെ നടുവിൽ ഇരുവരും ചേർന്ന് പ്രതിയെ കീഴ്പ്പെടുത്തി. ശക്തമായി പ്രതിരോധിച്ച പ്രതിയെ കരയിലേക്ക് എത്തിക്കാൻ പോലീസുകാർ ഏറെ ബുദ്ധിമുട്ടി.

പ്രതിയെ കരയിലേക്ക് വലിച്ചുകയറ്റുന്നതിനിടെ പാറയിൽ തട്ടി എസ്.ഐ ആഷിൽ രവിയുടെ കാലിന് പരിക്കേറ്റു. തുടർന്ന് ഇദ്ദേഹം കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മുൻപും വിവിധ കേസുകളിൽ പ്രതിയായ രാജേഷിനെ, സ്റ്റേഷനിലെത്തിച്ചപ്പോൾ വീട്ടമ്മ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. അതേസമയം മോഷ്ടിക്കപ്പെട്ട സ്വർണമാല ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം