ഒമാനിലെ പ്രളയത്തിൽ കാണാതായ സൗത്ത് തൃത്താല തച്ചറത്തൊടിയിൽ റംലത്തിൻ്റെ മൃതദേഹം കണ്ടെത്തി.

മസ്കറ്റ് കെ.എം.സി.സി പലക്കാട് ജില്ല പ്രസിഡൻ്റ് ഫൈസൽ മുണ്ടൂരാണ് ഇക്കാര്യം അറിയിച്ചത്.  റംല (58) യുടെ മൃതദേഹം ബർക്ക ആസ്പത്രി മോർച്ചറിയിൽ എത്തിച്ചു. ഒമാനിലെ മിന്നൽ പ്രളയത്തിൽ വാഹനം ഒഴുക്കിൽപ്പെട്ട് മരിച്ച തൃത്താലക്കാരുടെ എണ്ണം ഇതോടെ മൂന്നായി. 

പ്രളയത്തിൽ മരിച്ച സൗത്ത് തൃത്താല തച്ചറത്തൊടിയിൽ യൂസുഫിൻ്റെയും മാതാവ് റംലത്തിൻ്റെയും മൃതദേഹങ്ങൾ ഒമാനിലെ ബർക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കരിമ്പ കോട്ടാപ്പാടം മാളിയേക്കൽ ഷംലയുടെ  മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ മാളിയേക്കൽ ബാവയുടെ മരുമകളാണ് ഷംല ലുബിഷാദ് (32). ഫാദുലി (9), ഫെബ (5) എന്നീ മക്കളുണ്ട്.

ഷംലയുടെ ഖബറടക്കം ഇന്ന് 5 മണിക്ക് പട്ടിശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

ശനിയാഴ്ച രാത്രി രണ്ടു കൂടുംബങ്ങൾ ഒരുമിച്ച് പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിൻ്റെ വീട്ടിൽ പോയി മടങ്ങും വഴിയാണ് മിന്നൽ പ്രളയമുണ്ടായത്. കനാൽ കുറുകെ കടക്കുന്നതിനിടെ കുതിച്ചെത്തിയ മല വെള്ളപ്പാച്ചലിൽ കാർ ഒഴുകി പോവുകയായിരുന്നു.  രണ്ടു കിലോമീറ്ററോളം ദൂരം കാർ ഒഴുകിപ്പോയി. 4 കുട്ടികൾ ഉൾപ്പടെ 9 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 

ശനിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. ഷംലയുടെയും ഫഹദ് യൂസഫിൻ്റേയും മൃതദേഹം ശനിയാഴ്ച തന്നെ കണ്ടെത്തിയിരുന്നു. യൂസഫിൻ്റെ മാതാവ് റംലത്തിനെ കാണാതാവുകയായിരുന്നു. ഒമാൻ പോലീസിൻ്റെ തെരച്ചിൽ  സംഘത്തോടൊപ്പം മസ്ക്കറ്റ് കെ.എം.സി.സി സന്നദ്ധ പ്രവർത്തകരും രാപ്പകൽ കൂടെയുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം