കാട്ടു കൊമ്പൻ പടയപ്പ കലിപ്പിലാണ്; മൂന്നാറിൽ വീണ്ടും ഭീതി പരത്തി പടയപ്പയുടെ പരാക്രമം.

മൂന്നാർ ഉദുമൽപേട്ട് അന്തർ സംസ്ഥാന പാതയിൽ തലയാറിന് സമീപം വാഹനങ്ങൾക്ക് നേരെ പടയപ്പ എന്ന കാട്ടാനയുടെ ആക്രമണം. കാറിൽ സഞ്ചരിച്ച കർണാടക സ്വദേശികൾ പടയപ്പയുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു.

കാർ തടഞ്ഞു നിർത്തിയ പടയപ്പ, പിറകിലെ ഗ്ലാസ് കൊമ്പ് കൊണ്ട് കുത്തിപ്പൊട്ടിച്ചു. തുടർന്ന് വാഹനം പിടിച്ചുലച്ച് അരിശം തീർത്തു. വാഹനത്തിന് കേടുപാടുകൾ വരുത്തി.

പിന്നിലുള്ള വാഹനത്തിലെ ആളുകൾ ബഹളം വെച്ച് തുരത്തിയതോടെ പടയപ്പ റോഡിലൂടെ സമീപത്ത് തേയില തോട്ടത്തിലേക്ക് നീങ്ങി. ഇതോടെയാണ് ആളുകളുടെ ആശങ്ക ഒഴിഞ്ഞത്.

കഴിഞ്ഞ മാസം ഒരു ഓട്ടോറിക്ഷയും കാറും പടയടപ്പ തകർത്തിരുന്നു. അന്ന് ഭാഗ്യം കൊണ്ട് മാത്രമാണ് ജീവഹാനി ഒഴിവായത്. പിന്നീട് ഒരു ബസ്സിൻ്റെ ചില്ല് തകർത്തു.

കഴിഞ്ഞ രാത്രിയിൽ കാറിന് നേരെയുണ്ടായ പടയപ്പയുടെ ആക്രമണത്തിൽ നിന്ന് വാഹന യാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. 

ജനുവരി മുതൽ പടയപ്പ മദപ്പാടിലാണെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. മൂന്നാർ മേഖലയിൽ സ്ഥിര സാന്നിധ്യമായ പടയപ്പ ഗൂഡാർ വിള എസ്റ്റേറ്റ് നെറ്റിക്കുടി ഡിവിഷനിലാണ് തങ്ങുന്നത്.

ചില സമയങ്ങളിൽ മൂന്നാർ ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ പ്രവേശിക്കാറുണ്ട്. അപ്പോഴാണ് വാഹനങ്ങളുടെ നേരെ ആക്രമണം നടത്തുന്നത്.

കാട്ടുകൊമ്പൻ പടയപ്പയെ ഗൗരവത്തിലെടുക്കാത്ത യാത്രക്കാരുടെ വാഹനങ്ങളാണ് തകർക്കപ്പെട്ടത്. ആനയുടെ മുമ്പിൽ പെടുന്ന യാത്രക്കാർ രക്ഷപ്പെട്ടതെല്ലാം ഭാഗ്യം കൊണ്ടാണ്. 

കർണാടക സ്വദേശികളുടെ കാർ ആക്രമിച്ചതോടെ മറ്റ് വാഹന യാത്രികർ ബഹളമുണ്ടാക്കുകയും ഇതിനിടെ കാർ മുമ്പോട്ട് എടുത്ത് യാത്രക്കാർ രക്ഷപ്പെടുകയുമായിരുന്നു. ആനയുടെ ആക്രമണത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. 

പടയപ്പ അക്രമാസക്തനാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും വാഹനങ്ങളും ആനയില്‍ നിന്ന് അകലം പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു. ആനയുടെ അടുത്തേക്ക് പോകാനോ ചിത്രങ്ങള്‍ പകര്‍ത്താനോ പാടില്ല. 

സഞ്ചാരികള്‍ ആനയെ കണ്ടാല്‍ വാഹനങ്ങളില്‍ ഉച്ചത്തില്‍ പാട്ടുവെച്ചും ഹോണ്‍ മുഴക്കിയും പ്രകോപിപ്പിക്കരുതെന്നും ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മൂന്നാര്‍ റെയിഞ്ച് ഓഫിസര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം