ഒമാനിൽ മിന്നൽ പ്രളയം: മലയാളികൾ ഉൾപ്പെടെ നാല് മരണം, 40 പേരെ രക്ഷപ്പെടുത്തി.

ഒമാനിലെ തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ബർക്കയിലെ വിലായത്തിൽ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും നാല് പേർ മരണപ്പെട്ടതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മരണപ്പെട്ടവരിൽ രണ്ടു പേർ തൃത്താല സ്വദേശികളാണ്.

ഒഴുക്കിൽപ്പെട്ട രണ്ട് പേരെ സെർച്ച് ആൻ്റ് റെസ്‌ക്യൂ സെക്ടർ വിഭാഗം കണ്ടെടുത്തു. കാണാതായ മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ഒമാന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് ശനിയാഴ്ച രാത്രി മൂന്ന് പേർ മരിച്ചതായും 40 ലധികം പേരെ രക്ഷപ്പെടുത്തിയതായും രക്ഷാ പ്രവർത്തകരും സ്ഥിരീകരിച്ചു.

സൗത്ത് അൽ ബത്തിന ഗവർണറേറ്റിൽ വാദി അൽ മാവിലിൽ അതിവേഗം ഒഴുകുന്ന വെള്ളത്തിൽ മൂന്ന് വാഹനങ്ങൾ കുടുങ്ങിയതിനെ തുടർന്നാണ് മരണം സംഭവിച്ചത്. രക്ഷാപ്രവർത്തകർ  തിരച്ചിൽ നടത്തിയപ്പോൾ മറ്റ് മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു.

ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ (കനാൽ) കുത്തൊഴുക്കിൽ പെട്ടാണ് രണ്ട് പേർ മരിച്ചത്. ഒരാളെ കാണാതായി. ഒമ്പതംഗങ്ങളിൽ ആറ് പേരെ രക്ഷപ്പെടുത്തി.

തൃത്താല സ്വദേശികളായ ഒമാൻ ഇൻകാസ് നേതാവ് ലുബിഷാദിന്റെയും സുഹൃത്ത് യൂസഫിന്റെയും കുടുംബങ്ങൾ സഞ്ചരിച്ച വാഹനമാണ് ഒഴുക്കിൽ പെട്ടത്. യൂസഫിന്റെ കുടുംബത്തിനൊപ്പം ഒരു വാഹനത്തിൽ പെരുന്നാളിന് യാത്ര പോയതായിരുന്നു രണ്ടു കുടുംബങ്ങളും. ഇവരുടെ വാഹനം ഒമാനിലെ ബർകയിലെ  വാദിയിൽ (കനാൽ) കുത്തൊഴുക്കിൽ പെടുകയായിരുന്നു. 

ലുബിഷാദിന്റെ ഭാര്യ തൃത്താല പട്ടിത്തറ കൊട്ടോപ്പാടം സ്വദേശി ഷംല ലുബിഷാദ് (32), തൃത്താല തച്ചറത്തൊടിയിൽ ഫഹദ് യൂസഫ് (37) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാണാതായ യൂസഫിന്റെ മാതാവ് റംലത്തിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

കോൺഗ്രസ് നേതാവും തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ മാളിയേക്കൽ ബാവയുടെ മരുമകളാണ് മരിച്ച ഷംല.

അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്ററോളം അപ്പുറത്ത് നിന്നാണ് ഇവർ സഞ്ചരിച്ച വാഹനം കണ്ടെത്തിയത്. ലുബിഷാദും മക്കളും അടക്കം ആറുപേർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.

ബർകയിലെ സൂക്കിലുള ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി തിരിച്ചു വരുന്ന വഴി സൂക്കിന്റെ ഉൾഭാഗത്തുള്ള വാദിയിൽ വാഹനം അകപ്പെടുകയായിരുന്നു. മസ്കത്തിലെ സീബിൽ സൈക്കിൾ ഷോപ് നടത്തുകയാണ് ലുബിഷാദ്. 

കണ്ടെത്തിയ മൃതദേഹങ്ങൾ ബർക സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ പുരോഗമിക്കുന്നതായി കെ.എം.സി.സി അറിയിച്ചു.

മസ്‌കത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. കനത്ത മഴയെത്തുടർന്ന് മസ്‌കത്തിലെ അമറാത്ത്– ബൗഷർ മലമ്പാത പോലീസ് താൽക്കാലികമായി അടച്ചു. 

മുസന്ദം, അൽ ബുറൈമി, അൽ ദാഹിറ, നോർത്ത് അൽ ബത്തിന എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും പ്രളയ സാധ്യതയും നിലനിൽക്കുന്നുണ്ട്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം